ശാസ്താംകോട്ട: കേരള കൗമുദിയും ജില്ലാ ഫയർ ആൻഡ് റെസ്ക്യൂ ടീമും തേവലക്കര ബോയ്സ് ഹൈസ്കൂൾ പി.ടി.എയും സംയുക്തമായി തേവലക്കര ബോയ്സ് ഹൈസ്കൂളിൽ നടത്തിയ ജീവൻ രക്ഷാ ബോധവൽക്കരണ ക്ലാസ് സ്കൂൾ മാനേജർ അഡ്വ. വിശ്വനാഥൻ പിള്ള ഉദ്ഘാടനം ചെയ്തു. ഫയർ ആൻഡ് റെസ്ക്യൂ ജില്ലാ ഓഫീസർ കെ. ഹരികുമാർ, സ്റ്റേഷൻ ഓഫീസർ പ്രതാപ് ചന്ദ്രൻ എന്നിവർ ക്ലാസെടുത്തു. നമ്മുടെ നാട്ടിലുണ്ടാകുന്ന അത്യാഹിതങ്ങളിൽ പലരുടെയും ജീവൻ നഷ്ടപ്പെടുന്നതിനുള്ള പ്രധാനകാരണം അപകടത്തിൽപ്പെടുന്നവർക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷകൾ നൽകാത്തതാണെന്ന് കെ. ഹരികുമാർ പറഞ്ഞു. പുതിയ തലമുറയെ ഇത്തരം അറിവ് നൽകുന്നതിനു വേണ്ടി ജില്ലയിൽ നടത്തുന്ന 260 മത്തെ പ്രോഗ്രാമാണിതെന്നും അദ്ദേഹം വ്യക്തമാക്കി . തീ പിടിത്തമുണ്ടായാൽ തീ അണക്കുന്നതിന് വെള്ളം പമ്പു ചെയ്യുന്ന രീതിയിലുള്ള വ്യത്യാസം ഡെമോ സഹിതം വിദ്യാർത്ഥികളെ കാണിച്ചു. ഗ്രാമ പഞ്ചായത്തംഗം കൊച്ചു വേലു മാസ്റ്റർ ,പി.ടി.എ പ്രസിഡന്റ് അരുൺകുമാർ, പ്രധാന അദ്ധ്യാപിക ഗോപിക, സീനിയർ അസിസ്റ്റന്റ് ആർ. അനിൽകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് ഉഷസ് ജോൺ, സ്റ്റാഫ് സെക്രട്ടറി ബി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
പാമ്പ് കടിയേറ്റാൽ ചെയ്യേണ്ടത്
പാമ്പുകടിയേറ്റയാളെ കിടത്തുകയോ നടത്തുകയോ ചെയ്യരുത്
ആഹാരമോ വെള്ളമോ നൽകരുത്
മുറിവിന് ഇരുപത് സെന്റിമീറ്റർ ഉയരെ ബാൻഡേജ് ചെയ്യണം
ഇരുത്തി വേണം ആശുപത്രിയിലെത്തിക്കാൻ
കുഴഞ്ഞു വീഴുന്നവർക്ക് 300 സെക്കൻഡിനുള്ളിൽ പ്രാഥമിക ചികിത്സ നൽകിയാൽ ജീവൻ രക്ഷിക്കാം