കരുനാഗപ്പള്ളി: എം. പി ഫണ്ടിന്റെ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന്റെ ഭാഗമായി എ.എം. ആരിഫ് എം. പി നടത്തിയ ജനകീയ യാത്ര ശ്രദ്ധേയമായി. എം.പി ഫണ്ട് വിനിയോഗത്തിൽ പ്രഥമ പരിഗണന റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ റെയിൽവേ സ്റ്റേഷനുകളിലാണ് വെള്ളിയാഴ്ച എം. പി സന്ദർശനം നടത്തിയത്. റെയിൽവേ ഉദ്യോഗസ്ഥർ, യാത്രക്കാർ, വിവിധ സംഘടനാ ഭാരവാഹികൾ എന്നിവരിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ചു. വെള്ളിയാഴ്ച രാവിലെ 9.30ന് തുറവൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തുടങ്ങിയ യാത്ര ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളിലൂടെ വൈകിട്ട് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ സമാപിച്ചു. കരുനാഗപ്പള്ളി സ്റ്റേഷൻ നേരിടുന്ന പ്രശ്നങ്ങൾ എം.പി നേരിട്ട് മനസിലാക്കി. അധികമായി ആവശ്യപ്പെട്ട റൂഫ് ഷെൾട്ടറുകളും മിനി മാസ്റ്റ് ലൈറ്റും എം. പി ഫണ്ടിൽ നിന്നും അനുവദിക്കും. സ്റ്റേഷന്റെ പടിഞ്ഞാറു ഭാഗത്തു നിന്നും വടക്കോട്ടുള്ള വഴിയും കിഴക്കുഭാഗത്തു കൂടിയുള്ള കവാടവും വികസിപ്പിക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളുമായി ചർച്ച ചെയ്ത് എം. പി ഫണ്ടുകൂടി പ്രയോജനപ്പെടുത്തി വികസിപ്പിക്കും. മറ്റാവശ്യങ്ങൾ റെയിൽവേ ഡിവിഷണൽ മാനേജർ, ജനറൽ മാനേജർ, ബോർഡ് ചെയർമാൻ, മന്ത്രി പീയുഷ് ഗോയൽ എന്നിവരുമായി ചർച്ച ചെയ്ത് പരിഹാരം കാണുമെന്നും എം.പി പറഞ്ഞു.