photo

കരുനാഗപ്പള്ളി: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനുമായിരുന്ന ആദിനാട് തെക്ക്, മരങ്ങാട്ട് (ബീനാ നിവാസ്) മരങ്ങാട്ട് പത്മനാഭൻ(98) നിര്യാതനായി. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അന്ത്യം.സംസ്കാരം പിന്നീട്.

ഏറെ നാളായി അവശതയിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസവും പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു. ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തിന്റെ ഭാഗമായി രണ്ടു ദിവസം മുമ്പ് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ ഗാന്ധി പ്രതിമ അദ്ദേഹമാണ് അനാഛാദനം ചെയ്തത്. കേരള ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്നു.സംസ്ഥന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.1921ൽ ജനിച്ച അദ്ദേഹം 18 വയസു മുതൽ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ പങ്കാളിയായി. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ സ്വാതന്ത്ര്യ സമര സേനാനിയാണ്. സ്വാതന്ത്യ സമരവുമായി ബന്ധപ്പെട്ട് 16 മാസം ജയിൽശിക്ഷ അനുഭവിച്ചു.രണ്ടു തവണ രാജ്യം താമ്രപത്രം നൽകി ആദരിച്ചിട്ടുണ്ട്. ആർ. എസ് .പിയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം, കെ. എസ് .പിയിലും ജനതാ പാർട്ടിയിലും പ്രവർത്തിച്ചു. സി .പി .എം പ്രതിനിധിയായി കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് അംഗവുമായി 8 വർഷം പ്രവർത്തിച്ചു.മൂന്നു കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കക്ക, കാവ്യ മാലിക, ജയിൽ മുറ്റത്തെ റോസാപ്പൂ എന്നിവയാണവ. ഭാര്യ: പരേതയായ സുലോചന (റിട്ട. ടീച്ചർ കുലശേഖരപുരം യു പി എസ് ) മക്കൾ: സുരേഷ് ബാബു (ദുബായ്), സുലേഖാ രാധാകൃഷ്ണൻ,പരേതനായ സുനിൽ ബാബു, സുധീർ ബാബു, ബീന. മരുമക്കൾ: ലിംല (ദുബായ്), എസ് രാധാകൃഷ്ണൻ (റിട്ട.സബ് ഡിവിഷണൽ എൻജിനീയർ ബി എസ് എൻ എൽ ) ,സിന്ധു (കുലശേഖരപുരം യു പി എസ്), രാജേന്ദ്രബാബു (ലിംല മെഡിക്കൽസ്).