beach

 പത്ത് വർഷത്തിനിടെ തിരമാലകൾ കവർന്നത് 70ലേറെ ജീവൻ

കൊല്ലം: കൊല്ലം ബീച്ചിലെ തിരമാലകളിൽ മുങ്ങി നിവരുന്നത് മരണത്തിലേക്കാണെന്ന മുന്നറിയിപ്പുകൾ സന്ദർശകർ നിരന്തരം അവഗണിക്കുന്നതിന്റെ ഫലമായി അപകടങ്ങൾ വൻതോതിൽ ഉയരുന്നു. കരിക്കോട് സ്വദേശി അനൂപിന്റെ മരണമാണ് ഏറ്റവും ഒടുവിലത്തേത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ എഴുപതിലേറെ ജീവനുകൾ കൊല്ലം ബീച്ചിലെ തിരമാലകൾ കവർന്നിട്ടുണ്ട്.

രാപ്പകൽ ഭേദമില്ലാതെ ബീച്ചിലേക്കെത്തുന്ന സഞ്ചാരികൾ പൊലീസിന്റെയും ലൈഫ് ഗാർഡുകളുടെയും മുന്നറിയിപ്പുകൾ പാടേ അവഗണിച്ചാണ് കടലിലേക്കിറങ്ങുന്നത്. നിർദ്ദേശങ്ങളെല്ലാം അവഗണിച്ച് കൊച്ചുകുട്ടികളുമായി എത്തി തിരമാലകളിൽ ഇറങ്ങുന്നവരും ഏറെയാണ്.

ലൈഫ് ഗാർഡുകളുടെ നിർദ്ദേശങ്ങൾ ബീച്ചിലെത്തുന്നവർ പലപ്പോഴും അവഗണിക്കുന്നതിനാൽ ശക്തമായ പൊലീസ് നിരീക്ഷണം ഇപ്പോൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസ് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അപകടമേഖല ഇന്നലെ പ്രത്യേകം വടം കെട്ടി തിരിച്ചു. മുമ്പും വടം കെട്ടി അപകട മേഖല പ്രത്യേകം വേർതിരിക്കാറുണ്ടെങ്കിലും ഇവിടെയെത്തുന്നവർ വടത്തിന് മുകളിലൂടെ തിരമാലകളിലേക്ക് പോകുന്നതാണ് പതിവ്.

 വിരലിലെണ്ണാൻ മാത്രം ലൈഫ് ഗാർഡുമാർ

അവധി ദിവസങ്ങളിൽ പതിനായിരത്തിലേറെ ആളുകൾ ബീച്ചിലെത്തുമെങ്കിലും അവരെ നിയന്ത്രിക്കാൻ പലപ്പോഴും ഉണ്ടാവുന്നത് നാലിൽ താഴെ ലൈഫ് ഗാർഡുകൾ മാത്രമാണ്. കൂടുതൽ ലൈഫ് ഗാർഡുമാരെ നിയമിക്കണമെന്ന ആവശ്യത്തോട് ഇതുവരെ അധികൃതർ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

 മദ്യലഹരിയിൽ കടലിൽ ഇറങ്ങുന്നവരുടെ എണ്ണമേറുന്നു

രാത്രിയിൽ എത്തി തിരമാലകളിൽ മുങ്ങി നിവരുന്ന യുവാക്കളിൽ ഭൂരിപക്ഷവും മദ്യലഹരിയിലാണെന്ന പൊലീസ് വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. മദ്യലഹരിയിൽ ബീച്ചിലെ ശക്തമായ തിരമാലകളിലേക്കിറങ്ങിയാൽ തിരികെ കയറാൻ ശ്രമിച്ചാലും നടക്കാതെ വരും. രക്ഷിക്കാനിറങ്ങുന്നവരും കടലാഴങ്ങളിലേക്ക് പോകാൻ സാദ്ധ്യതയേറെയാണ്.

 ബീച്ചിന്റെ വിസ്‌തൃതി കൂടുന്നു, എല്ലായിടത്തും ശ്രദ്ധയെത്തണം

ബീച്ചിന്റെ വിസ്‌തൃതി ഇപ്പോൾ പഴയത് പോലെയല്ല. തുറമുഖത്തേക്കുള്ള റോഡിന്റെ ഭാഗങ്ങളിൽ ബീച്ച് രൂപപ്പെട്ടതതോടെ അവിടെയും ആളുകൾ ഒത്തുകൂടുന്നുണ്ട്. മണൽപരപ്പിൽ വെളിച്ചമില്ലാത്തിനാൽ രാത്രിയിൽ അപകടങ്ങൾ ഉണ്ടായാലും ശ്രദ്ധയിൽപ്പെടാൻ വൈകും.

 അപകടങ്ങൾക്ക് കാരണമിതാണ്

 കളിക്കാനും കുളിക്കാനും കഴിയാത്ത ബീച്ച്

കൊല്ലം ബീച്ചിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത തീരം കഴിഞ്ഞാൽ കുത്തനെ താഴ്ന്ന് കിടക്കുന്നുവെന്നതാണ്. തീരത്ത് നിന്നുള്ള അകലത്തിനനുസരിച്ച് ആഴവും കൂടും.

കുളിക്കാനും തിരമാലകളിൽ കളിക്കാനും കഴിയുന്ന ബീച്ചുകളുടെ കൂട്ടത്തിൽപ്പെടുത്താൻ കഴിയുന്നതല്ല കൊല്ലം ബീച്ച്. തങ്കശേരിയിൽ പുലിമുട്ട് വന്ന ശേഷം തിരമാലകൾ ശക്തിയോടെയാണ് ബീച്ചിലേക്ക് അടിച്ചുയരുന്നത്.