collectorbro
ഔദ്യോഗിക വസതിയിലെ കൃഷിയിടത്തിൽ ജില്ലാ കളക്ടർ പച്ചക്കറി വിളവെടുക്കുന്നു. ഭാര്യ റുക്സാന സമീപം

കൊല്ലം: ഔദ്യോഗിക വസതിയിലെ കൃഷിയിടത്തിൽ പച്ചക്കറി വിളവെടുപ്പിന്റെ തിരക്കിലാണ് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ. ഒപ്പം കൂടാൻ അദ്ധ്യാപികയായ ഭാര്യ റുക്സാനയും ഉണ്ട്. ചീര, വഴുതന, വെണ്ട, തക്കാളി, അമര, പയർ ഒക്കെ വിളഞ്ഞു നിൽക്കുകയാണിവിടെ. വാഴക്കൂട്ടത്തിന്റെ പച്ചപ്പുമുണ്ട്.
അദ്ധ്വാനിക്കാൻ മനസുണ്ടെങ്കിൽ കൃഷിയിലേക്ക് കടന്നു വരാൻ തൊഴിലും പദവിയും ഒന്നും തടസമല്ലെന്നാണ് കളക്ടറുടെ പക്ഷം. ജില്ലയുടെ സമ്പൂർണ സുരക്ഷിതത്വം ഉറപ്പാക്കാൻ നടപ്പാക്കുന്ന സേഫ് കൊല്ലത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സ്വയം മാതൃക തീർക്കുകയാണ് അദ്ദേഹം. പ്രചോദനം ഉൾക്കൊണ്ട് പരമാവധി പേർ കൃഷിയിടങ്ങളലേക്ക് തിരികെ എത്തുമെന്ന ശുഭ പ്രതീക്ഷയ്ക്ക് കൂടിയാണ് കളക്ടർ തളിരേകുന്നത്.
ഹൈഡ്രോപോണിക്സ് കൃഷിരീതിയിൽ കോളിഫ്ളവറും കാബേജും പരീക്ഷിച്ചിട്ടുണ്ട്. ടി.കെ.എം എൻജിനീയറിംഗ് കോളജിലെ അരുൺ എസ്. കുമാർ, ശരത്ത്, സെഡ്രിക്ക്, ഐറിൻ എന്നിവരാണ് സാങ്കേതിക സഹായം നൽകുന്നത്. വിളവെടുപ്പിന് പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി ജോസഫ് പേരയിൽ, ഹരിതകേരള മിഷൻ കോ ഓർഡിനേ​റ്റർ എസ്. ഐസക്, കൃഷി ഓഫീസർ രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. എത്തിയവർക്കൊക്കെ ചീര നൽകാനും കളക്ടർ മറന്നില്ല.