photo
ഇന്ന് താക്കോൽദാനം നിർവഹിക്കുന്ന നക്ഷത്രയുടെ സ്നേഹക്കൂട്

റെഡ്ക്രോസിന്റെ സ്നേഹക്കൂട് പദ്ധതി പ്രകാരമാണ് വീട് നിർമ്മിച്ചു നൽകുന്നത്

കരുനാഗപ്പള്ളി : പ്രളയത്തിൽ വീട് നഷ്ടപ്പെട്ട സഹപാഠിക്ക് സ്നേഹ സമ്മാനമായി വീട് നിർമ്മിച്ചു നൽകി ജൂനിയർ റെഡ്ക്രോസ് വിദ്യാർത്ഥികൾ മാതൃകയായി. തഴവ ഗവ. എൽ.പി.എസിലെ ജൂനിയർ റെഡ്ക്രോസ് കേഡറ്റായ നക്ഷത്രയ്ക്കാണ് സഹപാഠികൾ വീട് നിർമ്മിച്ച് നൽകിയത്. 2018 ആഗസ്റ്റിലുണ്ടായ പ്രളയത്തിൽ തൊടിയൂർ മധുരാപുരിയിൽ ശിവപ്രസാദിന്റെ വീട് പൂർണമായും തകർന്നു. ശിവ പ്രസാദിന്റെയും ബീനയുടെയും മൂത്ത മകളാണ് തഴവ എ.വി.എൽ.പി.എസിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ നക്ഷത്ര. തലചായ്ക്കാൻ ഇടമില്ലാതെ വലയുന്ന ശിവപ്രസാദിന്റെ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കിയ സ്കൂൾ കൗൺസിലർ ശ്യാമയാണ് റെഡ്ക്രോസ് സംസ്ഥാന കോ-ഓർഡിനേറ്റർ ജ്യോതിഷ് ആർ. നായർക്ക് വീടിനായി അപേക്ഷ നൽകിയത്. അദ്ദേഹം നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് കൗൺസിലർ വാട്സാപ്പ് കൂട്ടായ്മയിൽ അഭ്യർത്ഥന നടത്തി 1,25,000 രൂപ പ്രാരംഭ പ്രവർത്തനങ്ങൾക്കായി സമാഹരിച്ചു. റെഡ്ക്രോസിന്റെ സ്നേഹക്കൂട് പദ്ധതി പ്രകാരമാണ് വീട് നിർമ്മിച്ചു നൽകുന്നത്. സ്നേഹക്കൂട് പദ്ധതിക്കായി കേഡറ്റുകളിൽ നിന്ന് 2,50,000 രൂപ സമാഹരിച്ചു. 5 സെന്റ് പുരയിടമുള്ള ഭവന രഹിതരായ കേഡറ്റിന് വീട് വച്ച് നൽകുന്ന പദ്ധതിയാണ് സ്നേഹക്കൂട് . 650 ചതുരശ്ര അടിയിൽ എല്ലാ സൗകര്യങ്ങളോടെയുമാണ് വീട് പൂർത്തീകരിച്ചിട്ടുള്ളത്. റെഡ്ക്രോസ് കേഡറ്റുകൾ, ജില്ലയിലെ അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് 5.75 ലക്ഷം സമാഹരിച്ചു. 9, 50,000 രൂപ ചെലവിട്ടാണ് വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് ഡി .ഡി. ഇയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ആർ. രാമചന്ദ്രൻ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്യും. ജൂനിയർ റെഡ്ക്രോസ് സംസ്ഥാന കോ-ഓർഡിനേറ്റർ ജ്യോതിഷ് ആർ. നായർ വീടിന്റെ താക്കോൽദാനം നിർവഹിക്കും. ആർ. ശിവൻപിള്ള , കോടിയാട്ട് രാമചന്ദ്രൻപിള്ള, ജെ. ഹരിലാൽ, വിളയിൽ ഹരികുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.