beggar

കൊല്ലം: കൊല്ലം ബീച്ചിലെത്തുന്ന സന്ദർശകരെ വലച്ച് അനധികൃത ചാരിറ്റി പിരിവ് പൊടിപൊടിക്കുന്നു. സംഘങ്ങളായി എത്തുന്ന പിരിവുകാർ കുടുംബവുമായി എത്തുന്ന സന്ദർശകരെയാണ് വളയുന്നത്. വൃദ്ധസദനങ്ങളുടെയും ആശ്രയ സമിതികളുടെയും പേരിലാണ് പിരിവ് നടത്തുന്നത്. പിരിക്കുന്നതിന്റെ അമ്പത് ശതമാനം പിരിവുകാർക്കും ബാക്കി പണം ചാരിറ്റിക്കും എന്നാണ് പറയുന്നതെങ്കിലും ഇത് മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നാണ് നാട്ടുകാർ പറയുന്നത്.

പണം കൈയിലില്ലെന്ന് പറഞ്ഞ് ഒഴിവാക്കാൻ ശ്രമിച്ചാലും കൈയിൽ കരുതിയിരിക്കുന്ന നോട്ടീസുമായി ഇവർ പിറകെ കൂടും. ശല്യം അധികമാകുന്ന സാഹചര്യത്തിൽ സന്ദർശകർക്ക് പരാതിപ്പെടാൻ ആകെയുള്ളത് ലൈഫ് ഗാർഡുകൾ മാത്രമാണ്. അവരാകട്ടെ, ഇക്കാര്യത്തിൽ നിസഹായരും.

 സാമൂഹ്യവിരുദ്ധർ ?

ബീച്ച് നവീകരണത്തെ തുടർന്ന് പ്രദേശത്ത് കാടുമൂടി കിടന്ന ഇടങ്ങൾ വെട്ടിതെളിച്ചതോടെ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. എന്നാൽ ബീച്ചിന്റെ വടക്ക് ഭാഗത്തായി വള്ളങ്ങളും, കാറ്റാടി മരങ്ങളും മറ്റും കൂടികിടക്കുന്നിടത്ത് സന്ധ്യ കഴിഞ്ഞാൽ മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യമുള്ളതായി പ്രദേശവാസികൾ പരാതിപ്പെടുന്നു. ഇവരിൽ ഉൾപ്പെടുന്നവരാണോ പിരിവിന് പിന്നിലെന്നും സംശയമുണ്ട്. സഹാനുഭൂതി തോന്നി കൈയിലുള്ള ചെറിയ തുക നൽകിയാലും വീണ്ടും വലിയ തുകയ്ക്കായി ശല്യം ചെയ്യുന്നവരും കുറവല്ല.

ബീച്ചിലെ കാമറകൾ കൂടി കണ്ണടച്ചതോടെ യുവാക്കൾ തമ്മിലുള്ള സംഘർഷങ്ങളും ബീച്ചിൽ പതിവാകുന്നുണ്ട്. ലൈഫ് ഗാർഡുകൾക്കോ സന്ദർശകർക്കോ അത്യാവശ്യ സമയങ്ങളിൽ പൊലീസിന്റെ സഹായം ലഭിക്കാത്തത് പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കുകയാണ്. സുരക്ഷാ സംവിധാനങ്ങളുടെയും പൊലീസിന്റെയും അഭാവം മുതലാക്കി ബീച്ച് കാണാനെത്തുന്ന സ്വദേശികളെയും വിദേശികളെയും വട്ടംകറക്കുകയാണ് ഇക്കൂട്ടർ. പൊലീസിന്റെ സേവനം അടിയന്തരമായി ലഭ്യമാക്കാതെ ബീച്ചിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നാണ് ലൈഫ് ഗാർഡുകൾ പറയുന്നത്.