സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവർ രാജ്യസ്നേഹികളായി ചമയുന്നുവെന്നും വിമർശനം
കൊല്ലം: ബ്രിട്ടീഷുകാരോട് പലതവണ മാപ്പപേക്ഷിച്ച് കത്തെഴുതിയ വി.ഡി. സവർക്കർക്ക് ഭാരതരത്നം നൽകണമെന്ന് ചിലർ പറയുന്നത് രാജ്യത്തിന്റെ യഥാർത്ഥ പോരാളികളെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ഗാന്ധിജിയുടെ പ്രപൗത്രനും ഗാന്ധിയൻ സന്ദേശ പ്രചാരകനുമായ തുഷാർ ഗാന്ധി പറഞ്ഞു. മുസ്ലിം എഡ്യുക്കേഷണൽ സൊസൈറ്റി (എം.ഇ.എസ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഗാന്ധിസ്‌മൃതിയുടെ ഭാഗമായി കൊല്ലം സി.കേശവൻ സ്‌മാരക ടൗൺ ഹാളിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ യഥാർത്ഥ നായകരെ മാറ്റിനിറുത്തി പുതിയ നായക മുഖങ്ങളെ സൃഷ്‌ടിക്കുകയാണ് ' പുതിയ ഇന്ത്യ'യിൽ.
ഒരു കാര്യത്തിലും സമത്വമില്ലാത്ത നാടായി ‘പുതിയ ഇന്ത്യ’ മാറി. സാമ്രാജ്യത്വമാണ് രാജ്യത്തെ ഭരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവർ രാജ്യസ്നേഹികളായി ചമയുന്നു. രാജ്യത്തിനു വേണ്ടി ത്യാഗം ചെയ്‌തവർ കണ്ട സ്വപ്‌നങ്ങൾ പൊലിഞ്ഞു. രാജ്യത്തെ കൊല്ലുന്നവരെ മറികടന്ന് യഥാർഥ ഇന്ത്യയെ തിരിച്ചുകൊണ്ടുവരണം. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ധീരമായ പ്രവൃത്തികൾ ചെയ്‌ത ഭഗത് സിംഗ്, സുഭാഷ്ചന്ദ്രബോസ് എന്നിവരെ പോലുള്ള യഥാർത്ഥ വീരനായകരോട് താരതമ്യം ചെയ്യാനുള്ള അർഹത പോലും സവർക്കർക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ രാജ്യത്തിന് ഈ ഗതി വരില്ലായിരുന്നു. ഗാന്ധിജിയുടെ ഓർമ്മകളെപോലും ചിലർ ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എം.ഇ.എസ് പ്രസിഡന്റ് ഡോ.പി.എ. ഫസൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.ഇ.എസ് ജനറൽ സെക്രട്ടറി പ്രൊഫ.പി.ഒ.ജെ.ലബ്ബ, ജില്ലാ പ്രസിഡന്റ് കോഞ്ചേരിൽ ഷംസുദ്ദീൻ, സെക്രട്ടറി കണ്ണനല്ലൂർ നിസാം, സംസ്ഥാന ഭാരവാഹികളായ കെ.കെ. കുഞ്ഞുമൊയ്‌തീൻ, പി.എം. സക്കീർ ഹുസൈൻ, കെ.എ. ഹാഷിം, ഹനീഫ്, എം. വഹാബ് എന്നിവർ പ്രസംഗിച്ചു.