ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പരവൂർ: പരവൂർ എസ്.എൻ.വി സമാജത്തിന് മുന്നിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോയുടെ മുകളിലേക്ക് ആൽമരം ഒടിഞ്ഞുവീണു. കാലിന് നിസാര പരിക്കുകളോടെ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. നെടുങ്ങോലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർ നെടുങ്ങോലം കച്ചേരിവിള വീട്ടിൽ ബാലചന്ദ്രന്റെ (51) ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി 8.20ഓടെയാണ് സംഭവം. പരവൂരിൽ ഓട്ടം വന്നതാണ് ബാലചന്ദ്രൻ. വലിയൊരു ശബ്ദത്തോടെ ഓട്ടോയുടെ മുകളിലേക്ക് എന്തോ വന്നുവീഴുകയായിരുന്നെന്ന് ബാലചന്ദ്രൻ പറഞ്ഞു. നോക്കിയപ്പോൾ മരവും വൈദ്യുതി കമ്പികളും ഓട്ടോയുടെ മുകളിൽ കിടക്കുന്നത് കണ്ടത്. ഓട്ടോയുടെ മുകൾഭാഗവും മുൻഭാഗവും തകർന്നിട്ടുണ്ട്. ഒടിഞ്ഞുവീണ മരത്തിന് കാലപ്പഴക്കുള്ളതിനാൽ തടി ജീർണ്ണാവസ്ഥയിലായിരുന്നു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി.
പരവൂർ - ചാത്തന്നൂർ റോഡിന്റെ വശങ്ങളിൽ നിരവധി വൻ വൃക്ഷങ്ങൾ ജീർണ്ണാവസ്ഥയിൽ നിൽക്കുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 26ന് രാത്രിയിൽ മാവിൻമൂട് ജംഗ്ഷനിലെ മരം കാറ്റത്ത് ഒടിഞ്ഞുവീണിരുന്നു. പാതയോരങ്ങളിൽ യാത്രക്കാർക്ക് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.