കുന്നത്തൂർ: വിദ്യാർത്ഥിനിയെ വാഹനം ഇടിച്ച വിവരം പൊലീസിൽ അറിയിക്കാതെ സ്വയം അന്വേഷണം നടത്തി യുവാവിനെ അർദ്ധരാത്രിയിൽ വീടുകയറി ആക്രമിച്ച് പരിക്കേല്പിച്ച മൂന്നുപേർ അറസ്റ്റിൽ. തൊടിയൂർ നോർത്ത് ചേലക്കോട്ടുകുളങ്ങര പാലയിൽ വീട്ടിൽ മധുസൂദനൻ(47),കരുനാഗപ്പള്ളി ആദിനാട് പുളിക്കാമടത്തിൽ കൃഷ്ണഭവനിൽ ഉണ്ണി (35,മനോജ് ), ആദിനാട് പുത്തൻപുരയിൽ രതീഷ് (36) എന്നിവരാണ് ശൂരനാട് പൊലീസിന്റെ പിടിയിലായത്.ശാസ്താംകോട്ട കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ കളത്തിന്റെ തെക്കേതിൽ ബെൻസനാണ് (29) ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:കഴിഞ്ഞ 15 ന് ചേലക്കോട്ടുകുളങ്ങരയിൽ വൈകിട്ട് നാലിന് ഒന്നാം പ്രതി മധുസൂദനന്റെ മകൾ സ്കൂളിൽ നിന്നു വരവേ ഏതോ വാഹനമിടിച്ച് സാരമായി പരിക്കേറ്റിരുന്നു. വാഹനം നിർത്താതെ പോകുകയും ചെയ്തു. സംഭവം കരുനാഗപ്പള്ളി പൊലീസിൽ അറിയിക്കാതെ പ്രതികൾ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തി.
പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു. ബെൻസണിന്റെ പിതാവ് ബേബിക്കുട്ടി ഓടിച്ച ഓട്ടോയാണ് അപകടത്തിന് ഇടയാക്കിയതെന്ന് നിഗമനത്തിലെത്തി.എന്നാൽ, ഇതിന് വ്യക്തത ഉണ്ടായിരുന്നില്ല. ദിവസങ്ങൾ കഴിഞ്ഞ് 20ന് വൈകിട്ടോടെ ബേബിക്കുട്ടിയുടെ കോയിക്കൽ ചന്തയിലുള്ള വീട്ടിലെത്തിയ പ്രതികൾ പൊലീസ് മുറയിൽ ചോദ്യം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട ബെൻസൺ പ്രശ്നത്തിൽ ഇടപ്പെട്ടു. വീട്ടിൽ നിന്നും ഇറങ്ങിപ്പോകാനും പൊലീസിൽ പരാതി നൽകാനും പറഞ്ഞു. മടങ്ങിയ പ്രതികൾ ബെൻസണെ ആക്രമിക്കാൻ പദ്ധതിയിട്ടു.സുഹൃത്തുക്കളെ കൂട്ടിക്കൊണ്ടുവന്ന് തൊട്ടടുത്ത ദിവസം പുലർച്ചെ 1.15ന് വീടുകയറി ആക്രമിക്കുകയായിരുന്നു. മാതാപിതാക്കളെ ഭീഷണിപ്പെടുത്തി ഓടിച്ചശേഷമായിരുന്നു ക്രൂര മർദ്ദനം.