കൊട്ടാരക്കര: തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകുകയാണ് സർക്കാരെന്നും കേരളത്തിലെ വിദ്യാർത്ഥികൾക്ക് പഠനശേഷം തൊഴിലന്വേഷിച്ച് നടക്കേണ്ട ഗതികേട് ഇനി ഉണ്ടാവില്ലെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് സഹകരണ സംഘം ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസ- കായിക മികവിനുള്ള കാഷ് അവാർഡുകളുടെ വിതരണം നടത്തുകയായിരുന്നു മന്ത്രി. തൊഴിൽ പരിശീലനം നൽകുന്നതിലൂടെ നമ്മുടെ വിദ്യാർത്ഥികളെ സ്വയംതൊഴിൽ ചെയ്യുന്നതിനും പര്യാപ്തമാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സഹകരണ സംഘം ജീവനക്കാരുടെ മക്കൾക്കാണ് ക്യാഷ് അവാർഡ് നൽകിയത്. കൊട്ടാരക്കര സൗപർണിക ഒാഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ബോർഡ് വൈസ് ചെയർമാൻ കെ. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗം സി. ചന്ദ്രബാബു, കവി കുരീപ്പുഴ ശ്രീകുമാർ, കൊട്ടാരക്കര അർബൻ ബാങ്ക് ചെയർമാൻ കെ.ആർ. ചന്ദ്രമോഹൻ, സഹകരണ വികസന ബോർഡ് അംഗം എം. ലീലാമ്മ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ അബ്ദുൾ ഗഫാർ, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു പ്രസിഡന്റ് എസ്. ഗോപകുമാർ, കോ-ഓപ്പറേറ്റീവ് കൗൺസിൽ സെക്രട്ടറി കെ.വി. പ്രമോദ്, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് പ്രസിഡന്റ് ജോഷ്വ മാത്യു, നഗരസഭാ കൗൺസിലർ സി. മുകേഷ്, കെ.എൻ. നാരായണൻ, കെ.പി. വത്സലൻ, എം.എ. ഹാരിസ് ബാബു, കെ.ജെ. അനിൽകുമാർ, വി.ബി. കൃഷ്ണകുമാർ, എം.എൻ. മുരളി എന്നിവർ സംസാരിച്ചു.