കൊല്ലം: നഗരസഭയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു. നഗരസഭാ പരിധിയിലുള്ള സർക്കാർ സ്‌കൂളുകളിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ കുട്ടികൾക്കും 100 ശതമാനം വിജയം നേടിയ സർക്കാർ സ്‌കൂളുകൾക്കും അവാർഡുകൾ സമ്മാനിച്ചു. കേരളാ സ്റ്റേറ്റ് ലെബ്രറി കൗൺസിലിന്റെ പുതുക്കിയ മാനദണ്ഡ പ്രകാരമുള്ള ഗ്രഡേഷനിൽ കൊല്ലം കോർപ്പറേഷൻ പരിധിയിൽ തുടർച്ചയായി മൂന്നാം വർഷവും എ പ്ലസ് പദവി നേടിയ നീരാവിൽ നവോദയം ഗ്രന്ഥശാലയ്ക്കും അവാർഡ് നൽകി.
പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മേയർ വി. രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. നീരാവിൽ നവോദയം ഗ്രന്ഥശാലയ്ക്കുള്ള 10,000 രൂപയും ഉപഹാരവും പ്രസിഡന്റ് ബേബി ഭാസ്‌കർ, സെക്രട്ടറി എസ്. നാസർ എന്നിവർ എ. ഷാജഹാനിൽ നിന്ന് സ്വീകരിച്ചു. ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.എ സത്താർ, പി.ജെ രാജേന്ദ്രൻ, ചിന്ത എൽ. സജിത്ത്, കൗൺസിലർ എൻ. മോഹനൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ ക്ഷേമകാര്യ സമിതി ചെയർമാൻ ടി.ആർ. സന്തോഷ്‌കുമാർ സ്വാഗതം പറഞ്ഞു.