vellachattom
അപകടം നടന്ന വെള്ളച്ചാട്ടം

ഏരൂർ: അഞ്ചൽ മേഖലയിലെ ഓലിയരുക് വെള്ളച്ചാട്ടം കാണാൻ ബന്ധുക്കളോടൊപ്പം എത്തിയ യുവതി പാറക്കെട്ടിൽ നിന്ന് കാൽ വഴുതി വീണ് ദാരുണമായി മരിച്ചു. പത്തനാപുരം രാജേഷ് ഭവനിൽ രാജേഷിന്റെ ഭാര്യ രാഖിയാണ് (29) മരിച്ചത്. രക്ഷിക്കാൻ ശ്രമിച്ച സഹോദരീഭർത്താവ് സുനിൽ കുമാറിനെ (40) ഗുരുതരമായി പരിക്കേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാജേഷും സുനിലും കൽപ്പണിക്കാരാണ്. ഓലിയരുകിൽ താമസിക്കുന്ന ജ്യേഷ്ഠസഹോദരി രാജിയുടെ മകന്റെ രണ്ടാം പിറന്നാൾ ആഘോഷിക്കുന്നതിനാണ് രാഖിയും കുടുംബവും എത്തിയത്. ഉച്ചകഴിഞ്ഞ് 3.30നാണ് കുടുംബാംഗങ്ങളുമൊത്ത് അടുത്തുള്ള വെള്ളച്ചാട്ടം കാണാനെത്തിയത്. പാറയ്ക്ക് മുകളിലൂടെ നടക്കവേ കാൽ വഴുതി താഴേയ്ക്കു വീഴുകയായിരുന്നു. താഴത്തെ പാറയിൽ തലയടിച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിനുശേഷം സദാനന്ദപുരത്തെ കുടുംബവീട്ടിൽ സംസ്കരിക്കും. പതിനൊന്ന് മാസം പ്രായമുള്ള വൈഷ്ണവ് ഏകമകനാണ്. അച്ഛൻ: രവീന്ദ്രൻ, അമ്മ : ജയ. ഏരൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.