കൊല്ലം: കശുഅണ്ടി ഫാക്ടറിയിൽ തളിച്ചിരുന്ന കീടനാശിനി ശ്വസിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നാല് ഗ്രേഡിംഗ് തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെറ്റിലത്താഴം ഡീസന്റ് ജംഗ്ഷനിൽ കുന്നത്ത് വീട്ടിൽ ഷീബ (40), പുന്തലത്താഴം ചരുവിള പുത്തൻവീട്ടിൽ ബിന്ദു (41), പട്ടത്താനം തറയിൽ കിഴക്കതിൽ താര (42), അയത്തിൽ കൊറ്റിയിൽ വടക്കതിൽ ഷീല (58) എന്നിവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ബിന്ദു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാവിലെ അയത്തിൽ കാഷ്യുകോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കശുഅണ്ടി ഫാക്ടറിയിലാണ് സംഭവം നടന്നത്. അവശനിലയിലായ തൊഴിലാളികളെ ഉടൻ ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു. കശുഅണ്ടി സംഭരിക്കുന്ന സ്ഥലത്ത് കീടനാശിനി പ്രയോഗം സാധാരണമാണ്. എന്നാൽ മാനദണ്ഡങ്ങൾ പാലിക്കാതെ കീടനാശിനി പ്രയോഗിച്ചതാണ് തൊഴിലാളികൾക്ക് അസ്വസ്ഥതയുണ്ടാകാൻ കാരണമെന്ന് പറയുന്നു. ആശുപത്രിയിൽ കഴിയുന്ന തൊഴിലാളികളെ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ സന്ദർശിച്ചു.