മാസങ്ങളേറെയായി പ്രവർത്തനം കുടുസുമുറിയിൽ
ചാത്തന്നൂർ: കാലപ്പഴക്കം മൂലം നിലംപൊത്താറായ അംഗൻവാടി കെട്ടിടം പുനർനിർമ്മിക്കാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. ചിറക്കര ഗ്രാമപഞ്ചായത്തിലെ ഒഴുകുപാറ വാർഡിൽ പുന്നമുക്കിൽ പ്രവർത്തിക്കുന്ന അംഗൻവാടി കെട്ടിടത്തിനാണ് ഈ ദുരിതം. സാധാരണക്കാരായ കർഷകരും തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന ഒഴുകുപാറ വാർഡിലെ സാധാരണക്കാരുടെ കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം പകരേണ്ട സരസ്വതീ ക്ഷേത്രം ഇന്ന് കാടുമൂടി ഇഴജന്തുക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാണ്.
പ്രവർത്തനം മാറ്റി
അംഗൻവാടി കെട്ടിടത്തിന്റെ അപകടാവസ്ഥ അംഗൻവാടി വെൽഫയർ കമ്മിറ്റി ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് ചിറക്കര ഗ്രാമപഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗം സുരക്ഷാ പരിശോധന നടത്തുകയും കെട്ടിടം അപകടാവസ്ഥയിലാണെന്നും കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും റിപ്പോർട്ട് നൽകിയിരുന്നു. ഇതേതുടർന്ന് അംഗൻവാടി മറ്റൊരു കെട്ടിടത്തിലേക്ക് താത്കാലികമായി പ്രവർത്തനം മാറ്റിയിട്ട് മാസങ്ങളേറെയായി. ഒരു കുടുസ് കടമുറിയിലാണ് ഇപ്പോൾ അംഗൻവാടി പ്രവർത്തിക്കുന്നത്. ഇപ്പോൾ പ്രവർത്തനമില്ലാത്ത അംഗൻവാടി കെട്ടിടം പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും രക്ഷാകർത്താക്കളും ചേർന്ന് നിരവധി പരാതികൾ ഐ.സി.ഡി.എസ് ഓഫീസർക്കും സൂപ്പർവൈസർക്കും നൽകിയെങ്കിലും മേൽനടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
മറ്റ് അംഗൻവാടികളും സമാന അവസ്ഥയിൽ
സാമൂഹികനീതി വകുപ്പ് വനിതാ - ശിശു ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുമ്പോൾ ചിറക്കര ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം അംഗൻവാടി കെട്ടിടങ്ങളും അപകടാവസ്ഥയിലായതിനാൽ പ്രവർത്തനം മറ്റുകെട്ടിടങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ മാസം കൊച്ചാലുംമൂട് വാർഡിലെ അംഗൻവാടി കെട്ടിടം തകർന്നുവീണിരുന്നു. പ്രവർത്തന സമയത്ത് അല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. ശോച്യാവസ്ഥയിലുള്ള അംഗൻവാടി കെട്ടിടങ്ങൾ പുനർനിർമ്മിക്കുന്നതിന് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് വരുന്നതായി ഗ്രാമപഞ്ചായത്ത് അധികൃതർ പറയുന്നുണ്ടെങ്കിലും യാതൊരുവിധ പ്രവർത്തനങ്ങളും നടക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
ജി.ജി. അനിൽകുമാർ
(വെൽഫെയർ കമ്മിറ്റി ചെയർമാൻ, ഒഴുകുപാറ പുന്നമുക്ക് അംഗൻവാടി)
അംഗൻവാടി കെട്ടിടം കാടുമൂടി ഇഴജന്തുക്കളുടെ താവളമായത് മൂലം വഴിയാത്രക്കാരും പരിസരവാസികളും ഉൾപ്പെടെ ബുദ്ധിമുട്ടുകയാണ്. അംഗൻവാടി കെട്ടിട നിർമ്മാണം ഉടൻ ആരംഭിച്ചില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭപ രിപാടികൾക്ക് വെൽഫയർ കമ്മിറ്റി നേതൃത്വം നൽകും.
എൻ. സത്യദേവൻ
(പ്രസിഡന്റ്, അസംഘടിത തൊഴിലാളി കോൺഗ്രസ് ചിറക്കര മണ്ഡലം)
ചിറക്കര പഞ്ചായത്തിൽ വികസന കാര്യത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന വാർഡാണ് ഒഴുകുപാറ. അതിന്റെ ഒരുഭാഗം മാത്രമാണ് അംഗൻവാടി കെട്ടിടം. ജനപ്രതിനിധികളുടെ അവഗണനയാണ് വാർഡിലെ വികസന കാര്യങ്ങൾ നടക്കാത്തതിന് കാരണം.