കൊല്ലം: ദേശിംഗനാട് സഹോദയയുടെ ആഭിമുഖ്യത്തിൽ കൊല്ലം വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ നടന്ന കലോത്സവത്തിൽ 1358 പോയിന്റോടെ എല്ലാ വിഭാഗത്തിലും ശ്രീനാരായണ പബ്ലിക് സ്‌കൂൾ ചാമ്പ്യന്മാരായി.
കാറ്റഗറി മൂന്നിൽ കൃഷ്ണ എസ്.ലൈജു (ശ്രീനാരായണ പബ്ലിക് സ്‌കൂൾ, വടക്കേവിള) കലാതിലകമായപ്പോൾ ഇതേസ്‌കൂളിലെ വസുദേവ് സുനിൽ, മയ്യനാട് കെ.പി.എം. മോഡൽ സ്‌കൂളിലെ പ്രദ്യുഷ് ബി. പ്രേം എന്നിവർ കലാപ്രതിഭ പട്ടം പങ്കിട്ടു. കാറ്റഗറി നാലിൽ ആനി ഗബ്രിയേൽ, രൂപാ സി.എസ്. (ശ്രീനാരായണ പബ്ലിക് സ്‌കൂൾ, വടക്കേവിള) എന്നിവർ കലാതിലകങ്ങളായപ്പോൾ ഇതേ സ്‌കൂളിലെ നന്ദു എം. കലാപ്രതിഭയായി. കരുനാഗപ്പള്ളി ശ്രീബുദ്ധാ സെൻട്രൽ സ്‌കൂൾ ഫസ്റ്റ് റണ്ണറപ്പും മുഖത്തല കിഴവൂർ ഇന്ത്യൻ പബ്ലിക് സ്‌കൂൾ സെക്കന്റ് റണ്ണറപ്പുമായി.
പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് പഞ്ചാപകേശൻ സമ്മാനദാനം നിർവഹിച്ചു.
അച്ചടക്കം, അർപ്പണമനോഭാവം, നിശ്ചയദാർഢ്യം എന്നിവ ജീവിത വിജയത്തിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സഹോദയ വൈസ് പ്രസിഡന്റ് എസ്. ചന്ദ്രമോഹന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനത്തിൽ സഹോദയ പ്രസിഡന്റ് പ്രൊഫ.കെ.ശശികുമാർ, സെക്രട്ടറി എൻ.ജി.ബാബു ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി ട്രഷറർ പ്രൊഫ.ജി.സുരേഷ്, സഹോദയ ജോയിന്റ് സെക്രട്ടറി മഞ്ജു രാമചന്ദ്രൻ പി.ടി.എ. പ്രസിഡന്റ് ജെ.അജിത്കുമാർ എന്നിവർ പ്രസംഗിച്ചു.