perumon
പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റെ രൂപരേഖ

 ടെണ്ടർ നടപടികൾ അനന്തമായി നീളുന്നു

കൊല്ലം: മൺറോതുരുത്തുകാരുടെ ചിരകാല സ്വപ്നമായ പെരുമൺ - പേഴുംതുരുത്ത് പാലം നിർമ്മാണം ഉദ്യോഗസ്ഥ ലോബി അട്ടിമറിക്കുന്നു. പദ്ധതിയുടെ ടെണ്ടർ നടപടികൾ നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡ് അനന്തമായി നീട്ടുകയാണ്. റീ ടെണ്ടറിൽ പങ്കെടുത്ത രണ്ട് കമ്പനികളെ നിസാരകാര്യം പറഞ്ഞ് അയോഗ്യരാക്കിയ ഉദ്യോഗസ്ഥർ വീണ്ടും റീ ടെണ്ടർ ചെയ്യാൻ മണിക്കൂറുകൾ മാത്രം ആവശ്യമുള്ള നടപടികൾ പൂർത്തിയാക്കാൻ ദിവസം പതിനെട്ട് കഴിഞ്ഞിട്ടും തയ്യാറായിട്ടില്ല.

പാലം നിർമ്മാണത്തിന്റെ ടെണ്ടർ നടപടികൾ ആരംഭിച്ചിട്ട് പത്ത് മാസം പിന്നിടുകയാണ്. ഫെബ്രുവരി എട്ടിനാണ് ആദ്യം ടെണ്ടർ ചെയ്തത്. മാർച്ചിന് എട്ടിന് കാലാവധി അവസാനിച്ചപ്പോൾ സിംഗിൾ ടെണ്ടറായതിനാൽ മാർച്ച് 14 വരെ കാലാവധി നീട്ടി. എന്നിട്ടും ഫലമില്ലാഞ്ഞതോടെ കാലാവധി മേയ് 27 വരെ വീണ്ടും നീട്ടി.

പഴയ സ്ഥിതി തുടർന്നതോടെ വീണ്ടും ടെണ്ടർ ചെയ്യാൻ തീരുമാനിച്ചു. പക്ഷേ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാവുന്ന നടപടി രണ്ട് മാസത്തിലേറെ ഇഴച്ച് ആഗസ്റ്റ് 27നാണ് റീ ടെണ്ടർ ചെയ്തത്. രണ്ട് കമ്പനികൾ രംഗത്തെത്തിയതിനെ തുടർന്ന് ആഗസ്റ്റ് 30ന് പ്രീ ക്വാളിഫിക്കേഷൻ നടപടികൾ തുടങ്ങി. സാങ്കേതിക ടെണ്ടറിന്റെയും രേഖകളുടെ പരിശോധന വൈകിച്ച ഉദ്യോഗസ്ഥർ 40 ദിവസങ്ങൾക്ക് ശേഷം ഒക്ടോബർ 10നാണ് ടെണ്ടർ കമ്മിറ്രി കൂടിയത്. കമ്പനികളുടെ ഫിനാൻഷ്യൽ ബിഡ് പരിശോധിച്ച ശേഷം കരാറിലേക്ക് കടക്കുമെന്ന് മൺറോതുരുത്തുകാർ സ്വപ്നം കണ്ടിരിക്കുമ്പോൾ കരാറുകാരുമായി ബന്ധപ്പെട്ട് പരിഹരിക്കാവുന്ന ബാങ്ക് ഗ്യാരന്റി രേഖകളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി രണ്ട് ടെണ്ടറുകളും തള്ളി.

ഉടൻ തന്നെ വീണ്ടും റീ ടെണ്ടർ ചെയ്യുമെന്നാണ് റോഡ് ഫണ്ട് ബോർഡ് അധികൃതർ ടെണ്ടറുകൾ തള്ളുമ്പോൾ പ്രഖ്യാപിച്ചതെങ്കിലും ദിവസം പത്തൊൻപത് കഴിഞ്ഞിട്ടും നടപടികൾ പൂർത്തിയാക്കിയിട്ടില്ല.

 ഇനിയും കരകയറാനാകാത്ത ടെണ്ടർ നടപടികൾ

01. ആദ്യ ടെണ്ടർ 2019 ഫെബ്രുവരി 8

 കാലാവധി അവസാനിച്ചത് മാർച്ച് 8

 പങ്കെടുത്തത് ഒരു കമ്പനി മാത്രം

02 കാലാവധി നീട്ടി നൽകുന്നു മാർച്ച് 14 വരെ

 പങ്കെടുത്തത് ഒരു കമ്പനി മാത്രം

03. കാലാവധി വീണ്ടും നീട്ടുന്നു: മേയ് 27 വരെ

 പങ്കെടുത്തത് ഒരു കമ്പനി മാത്രം

04. റീടെണ്ടർ ചെയ്യാൻ തീരുമാനം

 റീ ടെണ്ടറിനായി നഷ്ടമാക്കിയത്: രണ്ട് മാസം

05. റീടെണ്ടർ: ആഗസ്റ്റ് 27ന്

 രണ്ട് കമ്പനികൾ രംഗത്ത്

 പ്രീക്വാളിഫിക്കേഷൻ നടപടികൾ തുടങ്ങി

 ടെണ്ടർ കമ്മിറ്റി കൂടാൻ താമസം: 40 ദിവസം

06. ടെണ്ടർ കമ്മിറ്റി കൂടുന്നു: ഒക്ടോബർ 10ന്

 കമ്പനികളുടെ ബാങ്ക് ഗ്യാരന്റിയിൽ പിശക് കണ്ടെത്തുന്നു

 രണ്ട് കമ്പനികളുടെയും ടെണ്ടർ തള്ളുന്നു

07. രണ്ടാം റീ ടെണ്ടർ ചെയ്യാൻ തീരുമാനം

 നടപടികൾ തുടങ്ങിയിട്ട്: ഇന്നത്തേക്ക് 19 ദിവസം