പുനലൂർ: പുനലൂർ റെയിൽവേ സ്റ്റേഷനോട് അധികൃതർ കടുത്ത അവഗണനയാണ് കാട്ടുന്നതെന്ന് യാത്രക്കാരുടെ പരാതി. പ്ലാറ്റ്ഫോം അടക്കമുളള പ്രധാന സ്ഥലങ്ങളിൽ കാട് വളർന്നുറങ്ങുന്നതാണ് സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് ഭീഷണിയാവുന്നത്. സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിന് സമീപത്താണ് കൂറ്റൻ കാട് വളർന്നത്. ഇവിടെ ഇഴ ജന്തുക്കളുടെ ശല്യം വ്യാപകമാണ്. തമിഴ്നാട്ടിൽ നിന്നുളള ശബരിമല തീർത്ഥാടകർ അടക്കമുള്ള യാത്രക്കാർ വന്നിറങ്ങുന്ന പുനലൂർ സ്റ്റേഷനെ ചെങ്കോട്ട സ്റ്റേഷന്റെ മാതൃകയിൽ ഉയർത്തുമെന്ന് അധികൃതരും ജനപ്രതിനിധികളും ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് യാത്രക്കാർ പറയുന്നു.
പുനലൂർ -ചെങ്കോട്ട ഗേജ്മാറ്റ ജോലികൾ പൂർത്തിയാക്കി ട്രെയിൻ സർവീസ് പുനരാരംഭിച്ചപ്പോൾ കൊല്ലം - പുനലൂർ - തിരുനെൽവേലി റൂട്ടിൽ ഒരു ഡസനിൽ അധികം ട്രെയിനുകൾ പുതുതായി ആരംഭിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനവും പാഴ്വാക്കായി. ഇപ്പോൾ ശബരിമല സീസൻ ആരംഭിച്ചതോടെ തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകർ ട്രെയിൻ മാർഗമാണ് പുനലൂരിൽ എത്തുന്നത്. സീസൺ കണക്കിലെടുത്തെങ്കിലും ഇതുവഴി കൂടുതൽ ട്രെയിനുകൾ അനുവദിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന ആവശ്യവും ശക്തമാണ്.
ഇഴ ജന്തുക്കളുണ്ട്, സൂക്ഷിക്കുക
ട്രെയിൻ കയറാൻ പ്ലാറ്റ് ഫോമിൽ എത്തുന്ന യാത്രക്കാർക്ക് ഇഴജന്തുക്കളെ പേടിച്ച് വഴി നടക്കാനാകാത്ത അവസ്ഥയാണ്. എന്നിട്ടും കാട് ചെത്തി മാറ്റാൻ അധികൃതർ തയ്യാറാകാത്തത് ശക്തമായ പ്രതിഷേധത്തിന് കാരണണമായിട്ടുണ്ട്. പ്ലാറ്റ് ഫോമിൻെറ കിഴക്ക് ഭാഗം മുതൽ പടിഞ്ഞാറ് വരെയുള്ള സ്ഥലങ്ങളിൽ കാട് വളർന്നിട്ടും അധികതർ കണ്ടില്ലെന്ന് നടിക്കുകയാണ്. ഒന്നാം പ്ലാറ്റ് ഫോമിന്റെ പടിഞ്ഞാറ് ഭാഗത്തും കാട് വളർന്ന് തുടങ്ങിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യങ്ങളില്ല
രാത്രിയിൽ ആവശ്യത്തിനുള്ള തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാത്തതും മറ്റ് അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും ദീർഘ ദൂരെ യാത്രക്കാർ അടക്കമുള്ളവർക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. സ്റ്റേഷനോട് ചേർന്ന കാന്റീനുകളും ശൗചാലയങ്ങളും അടച്ച് പൂട്ടിയിട്ട് ഒന്നര വർഷം പിന്നിടുകയാണ്. ടൗണിൽ നിന്ന് ചൗക്ക റോഡ് വഴി സ്റ്റേഷനിലേക്ക് വരുന്ന പാതയോരങ്ങളിൽ കൂറ്റൻ കാട് വളർന്നതും റോഡിന്റെ തകർച്ചയും ട്രെയിൻ യാത്രക്കാർ അടക്കമുള്ളവർക്ക് ദുരിതമായി മാറുകയാണ്. പാലരുവി- എഗ്മോർ എക്സ് പ്രസ് ട്രെയിൻ അടക്കമുള്ള ട്രെയിനുകൾ കടന്ന് പോകുന്ന റൂട്ടിലെ പ്രധാന റെയിൽവേ സ്റ്റേഷനിലാണ് ഈ ദയനീയാവസ്ഥ.