chinnakkada
chinnakkada

 കേരളപ്പിറവി ദിനത്തിൽ ആയിരങ്ങളുടെ പങ്കാളിത്തത്തോടെ മഹാറാലി

കൊല്ലം: നഗരത്തെ മാലിന്യത്തിൽ വിമോചിതമാക്കാൻ സമഗ്ര പദ്ധതികളൊരുക്കി 'ക്ലീൻ കൊല്ലം' എന്ന ആശയവുമായി നഗരസഭ ജനങ്ങളിലേക്ക്. 'അരുത്, വലിച്ചെറിയരുത്' എന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കേരളപ്പിറവി ദിനത്തിൽ ആയിരങ്ങളുടെ പങ്കാളിത്തത്തോടെ മഹാറാലി സംഘടിപ്പിക്കും. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ഉള്ളവരുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന റാലി ആശ്രാമം മൈതാനിയിൽ നിന്നാരംഭിച്ച് പീരങ്കി മൈതാനത്ത് സമാപിക്കും. താളമേളങ്ങളും വാദ്യഘോഷങ്ങളും റാലിക്ക് അകമ്പടിയാകും.

 ക്ളീൻ കൊല്ലം

 3.75 കോടി രൂപയുടെ പദ്ധതി

 അജൈവ മാലിന്യം കൈമാറും, ക്ളീൻ കേരളാ കമ്പനിക്ക്

നഗരത്തിലെ ജൈവമാലിന്യം പൂർണ്ണമായും ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അജൈവ മാലിന്യം തരംതിരിച്ച് ശേഖരിച്ച് സംസ്‌കരണത്തിനായി ക്ലീൻ കേരള കമ്പനിക്ക് കൈമാറും. പ്രവർത്തനങ്ങൾ പൂർണ്ണ തോതിൽ എത്തുന്നതോടെ കൊല്ലം നഗരത്തെ സീറോ വേസ്റ്റ് സിറ്റിയായി പ്രഖ്യാപിക്കാനാകും. സമഗ്ര മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് നഗരസഭ തയ്യാറാക്കിയ 3.75 കോടി രൂപയുടെ പദ്ധതി ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച് നിർവഹണം ആരംഭിച്ച് കഴിഞ്ഞു.

 ഒരു ലക്ഷത്തോളം വീടുകളിൽ ബയോ കമ്പോസ്റ്റർ

 1800 രൂപ വില, 180 രൂപയ്ക്ക് ലഭിക്കും

 അപേക്ഷ സ്വീകരിച്ച് തുടങ്ങി

നഗരത്തിലെ ഒരു ലക്ഷത്തോളം വീടുകളിൽ ജൈവമാലിന്യം സംസ്‌കരിക്കുന്നതിന് ആവശ്യമായ കിച്ചൺ ബിൻ എന്നറിയപ്പെടുന്ന ബയോ കമ്പോസ്റ്റർ തൊണ്ണൂറ് ശതമാനം സബ്സിഡിയോടെ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമായി.

സ്ഥലപരിമിതിയുള്ളവർക്കും ഉപയോഗിക്കാൻ കഴിയുന്ന ഒന്നര അടി മാത്രം വ്യാസമുള്ള മൂന്ന് ബക്കറ്റുകൾ ചേർന്ന സംവിധാനമാണിത്. 1800 രൂപ വിലയുള്ള കിച്ചൻ ബിന്നിന് 180 രൂപ മാത്രം ഗുണഭോക്താവ് അടച്ചാൽ മതി. 1620 രൂപ സബ്സിഡിയാണ്.

ആദ്യഘട്ടത്തിൽ എല്ലാ ഡിവിഷനുകളിലെയും 500 കുടുംബങ്ങളിൽ സ്ഥാപിക്കും. കിച്ചൺ ബിൻ സ്ഥാപിക്കാനുള്ള അപേക്ഷകൾ നഗരസഭ ആസ്ഥാനത്ത് സ്വീകരിച്ച് തുടങ്ങി.

 മാലിന്യം ശേഖരിക്കാൻ ഹരിതകർമ്മസേന

 വീടുകളിൽ നിന്ന് പ്രതിമാസം 60 രൂപ ചാർജ്

വീടുകളിൽ തരംതിരിച്ച അജൈവ മാലിന്യം വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും ശേഖരിക്കാൻ ഓരോ ഡിവിഷനിലും അഞ്ചംഗ ഹരിത കർമ്മസേനയെ നിയോഗിച്ചിട്ടുണ്ട്. വീടുകളിൽ നിന്ന് ഇവർക്ക് പ്രതിമാസം 60 രൂപ വീതം പ്രതിഫലം നൽകണം. സ്ഥാപനങ്ങളിൽ നിന്ന് മാലിന്യത്തിന്റെ അളവിന് അനുസരിച്ച് പ്രതിഫലം ഈടാക്കും.

ഹരിത കർമ്മസേന വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് മാലിന്യം ശേഖരിച്ച് പ്രാദേശികമായി സ്ഥാപിക്കുന്ന 275 മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി കേന്ദ്രങ്ങളിൽ എത്തിക്കും. അവിടെ ശേഖരിക്കുന്ന അജൈവ മാലിന്യം മുളങ്കാടകത്തും പോളയത്തോടും സ്ഥാപിക്കുന്ന 5000 ചതുരശ്ര അടി വിസ്‌തൃതിയുള്ള റിസോഴ്സ് റിക്കവറി ഫെസിലിറ്റി കേന്ദ്രങ്ങളിലേക്ക് നീക്കും. അവിടെ നിന്നാണ് ശാസ്ത്രീയ സംസ്‌കരണത്തിനായി ക്ലീൻ കേരള കമ്പനിക്ക് കൈമാറുക.

 നഗരം ക്ളീനാക്കും

 സ്‌കൂളുകളിലും അംഗൻവാടികളിലും ഭക്ഷണാവശിഷ്‌ടങ്ങൾ സംസ്‌കരിക്കാൻ കഴിയുന്ന റിംഗ് കമ്പോസ്റ്റിംഗ് സംവിധാനം ലഭ്യമാക്കും

 കരിയിലയും ജൈവമാലിന്യവും തുമ്പൂർമൂഴി മാതൃക എയ്റോബിക് യൂണിറ്റുകളിൽ സംസ്‌കരിച്ച് ജൈവവളമാക്കി പച്ചക്കറിക്കൃഷിക്ക് ലഭ്യമാക്കും

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 13 എയ്റോബിക് ബിന്നുകൾ നിലവിലുണ്ട്

16 എയ്റോബിക് ബിന്നുകളുടെ നിർമ്മാണം നടക്കുന്നു

11 കമ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകൾ ഉപയോഗിച്ച് ചന്തകളിലെ ജൈവ മാലിന്യം സംസ്‌ക‌രിക്കുന്നു.