prd
കൊല്ലം ഇഞ്ചവിള വൃദ്ധസദനത്തിലെ അന്തേവാസികളുമായി സൗഹൃദം പങ്കുവയ്ക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജില്ലാ കളക്ടർ ബി.അബ്‌ദുൽ നാസർ സമീപം

 വൃദ്ധസദനത്തിൽ സദ്യ കഴിച്ചാണ് മടങ്ങിയത്

കൊല്ലം: അഞ്ചാലുംമൂട് ഇഞ്ചവിളയിലെ ആഫ്റ്റർ കെയർ ഹോമിലും വൃദ്ധസദനത്തിലും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സന്ദർശനം. ദീപാവലി ദിനത്തിൽ അന്തേവാസികൾക്ക് മധുരവുമായാണ് പ്രോട്ടോകോളുകൾ മാറ്റിവെച്ച് സ്നേഹനിധിയായ രക്ഷാകർത്താവിനെപോലെ ഗവർണർ കടന്നു വന്നത്. ആഫ്റ്റർ കെയർ ഹോമിലെ വിദ്യാർത്ഥിനികൾക്ക് മധുരം നൽകി വാത്സല്യത്തോടെ കുശലാന്വേഷണം നടത്തി. അന്തേവാസിയായ മാതു നാടൻ പാട്ടുകൾ പാടി. വിജയലക്ഷ്‌മി ചുവടുകൾ വെച്ചു.
പ്രതിസന്ധികളെ തരണം ചെയ്‌ത് ജീവിത വിജയം നേടുന്നവർ എല്ലായിടത്തും ശോഭിക്കുമെന്നും മറ്റുള്ളവരുടെ വികാരങ്ങൾ മാനിക്കാൻ ഏറെ കഴിവുള്ളവർ പെൺകുട്ടികളാണെന്നും വിദ്യാഭ്യാസത്തിലൂടെ ഉയരങ്ങൾ കീഴടക്കണമെന്നും അവരെ ഓർമ്മിപ്പിച്ചു.
തുടർന്ന് വൃദ്ധസദനത്തിലെത്തിയ അദ്ദേഹം എല്ലാവർക്കും മധുരം നൽകിയശേഷം വിശേഷങ്ങൾ ആരാഞ്ഞു. അവർക്കൊപ്പമിരുന്ന് സദ്യ കഴിച്ചാണ് മടങ്ങിയത്. എം.മുകേഷ് എം.എൽ.എ, ജില്ലാ കളക്ടർ ബി.അബ്‌ദുൽ നാസർ, സബ് കളക്‌ടർ അനുപം മിശ്ര തുടങ്ങിയവരും ഗവർണർക്കൊപ്പം ഉണ്ടായിരുന്നു.