250 ലേറെ അംഗങ്ങൾ പങ്കെടുത്തു
കൊല്ലം: കാവനാട് പുതിയവീട്ടു വടക്കതിൽ കുടുംബസംഗമം കുടുംബാംഗങ്ങളുടെ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. ഇന്നലെ റോട്ടറി കമ്മ്യൂണിറ്റി ഹാളിൽ നടന്ന കുടുംബ സംഗമം എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്‌തു. കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും പരസ്പര ബഹമാനവും സ്നേഹവും നിലനിറുത്തേണ്ടതിന്റെ അനിവാര്യതയിലൂന്നിയായിരുന്നു മോഹൻ ശങ്കറിന്റെ ഉദ്ഘാടന പ്രസംഗം. ചാലക്കുടി ഗായത്രിമഠത്തിലെ സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. കുടുംബ സമിതി മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് എ.ആർ.നാഗേഷ് ആക്കൂർ അദ്ധ്യക്ഷനായിരുന്നു. രക്ഷാധികാരികളായ പി.ടി.ശ്യാമപ്രസാദ്, കെ.സുദർശനൻ, വൈസ് പ്രസിഡന്റുമാരായ എസ്.ചിത്തരഞ്ജൻ, പ്രൊഫ.ബി.സുനിൽകുമാർ, സെക്രട്ടറി ജി.ഡി.രാഖേഷ്, ജോ.സെക്രട്ടറിമാരായ മോഹൻ പരപ്പാടി, വി.ജയ, ട്രഷറർ ബി.ഷിബു, ലീഗൽ അഡ്വൈസർ അഡ്വ.ഷിനിനളിൻ തുടങ്ങിയവർ പ്രസംഗിച്ചു.
രാവിലെ 9 മുതൽ വൈകിട്ട് 5വരെ നടന്ന കുടുംബ സംഗമത്തിൽ കൊച്ചുകുട്ടികളും യുവാക്കളും മുതിർന്നവരും ഉൾപ്പെടെ 250 ലേറെ കുടുംബാംഗങ്ങൾ പങ്കെടുത്തു. ജീവകാരുണ്യ പ്രവർത്തനവും കുടുംബാംഗങ്ങളുടെ ക്ഷേമ ഐശ്വര്യവുമാണ് കൂട്ടായ്‌മയുടെ ലക്ഷ്യം. പുതിയവീട്ടു വടക്കതിൽ കൃഷ്‌ണൻ - നീലമ്മ ദമ്പതികളുടെ പത്തു മക്കളുടെയും സന്തതി പരമ്പരയിൽപെട്ടവരും അവരുമായി വിവാഹ ബന്ധത്തിൽ വന്നു ചേർന്നിട്ടുള്ളവരും ഉൾപ്പെടുന്നതാണ് പുതിയവീട്ടു വടക്കതിൽ കുടുംബ സമിതി.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം കുടുംബാംഗങ്ങളുടെ പരിചയം പുതുക്കൽ, കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഗാനാലാപനം തുടങ്ങിയവ അരങ്ങേറി. ആറ് മാസത്തിനുള്ളിൽ വീണ്ടും കുടുംബ സംഗമം നടത്തി ഒത്തു ചേരാമെന്ന് പറഞ്ഞാണ് കുടുംബാംഗങ്ങൾ ഇന്നലെ പിരിഞ്ഞത്.