കൊല്ലം: ഓടി രക്ഷപെടാൻ ശ്രമിച്ച വധശ്രമക്കേസ് പ്രതിയെ പൊലീസ് സംഘം പിന്തുടർന്ന് പിടികൂടി. തെക്കേവിള സ്വദേശി രാജേഷിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തെക്കേവിള കൊച്ചുവീട്ടിൽ പടിഞ്ഞാറ്റതിൽ കണ്ണൻ (20) ആണ് പിടിയിലായത്.
കഴിഞ്ഞമാസം 28ന് ഉച്ചയോടെ തെക്കേവിള എ.കെ.ജി ജംഗ്ഷനിലായിരുന്നു സംഭവം. കണ്ണനും രാജേഷും തമ്മിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. സംഭവം നടക്കുന്നതിന്റെ രണ്ട് ദിസവം മുമ്പ് കണ്ണനുമായി വൈര്യാഗത്തിലുള്ളയാളെ രാജേഷ് സ്കൂട്ടറിൽ കൊണ്ടുപോയിരുന്നു. ഇക്കാര്യം ചോദ്യം ചെയ്തുണ്ടായ തർക്കത്തിനിടയിൽ കണ്ണൻ രാജേഷിനെ മർദ്ദിച്ച ശേഷം തലയിൽ കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ രാജേഷ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ആഴ്ചകളോളം ചികിത്സയിലായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ കണ്ണനെ പലയിടങ്ങളിലും തിരഞ്ഞെങ്കിലും കിട്ടിയില്ല. ഇടയ്ക്ക് രണ്ട് തവണ ഒളിസ്ഥലത്തെത്തി പിടികൂടാൻ ശ്രമിച്ചെങ്കിലും ഓടിരക്ഷപ്പെട്ടിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഇന്നലെ പൊലീസ് പ്രതിയെ തേടി താന്നി ഫിഷർമെൻ കോളിനിയിൽ എത്തിയത്. പൊലീസിനെ കണ്ടപാടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. കോളിനിയിലെ വീടുകൾക്കിടയിലൂടെ 300 മീറ്ററോളം പിന്തുടർന്നാണ് പൊലീസ് സംഘം ഇയാളെ പിടികൂടിയത്.
എസ്.ഐ എ.പി. അനീഷ്, സി.പി.ഒമാരായ രാജേഷ് കുമാർ, ശിവകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇരവിപുരം സ്റ്റേഷനിൽ തന്നെ ആറ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് കണ്ണൻ.