f
കേരളകൗമുദിയും തൊടിയൂർ പുലിയൂർവഞ്ചി ജനകീയ ലൈബ്രറി ആൻഡ് ആർട്സ് ക്ളബും സംയുക്തമായി സംഘടിപ്പിച്ച ഗ്രാമസംഗമം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് സി. വിമൽകുമാർ, ജനകീയ ലൈബ്രറി പ്രസിഡന്റ് എസ്. സുനിൽകുമാർ, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ, സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ സി.ആർ. മഹേഷ്, ഓച്ചിറ ബ്ളോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന നവാസ്, തൊടിയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ്‌കുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എസ്. മോഹനൻ എന്നിവർ സമീപം

കരുനാഗപ്പള്ളി: സാമൂഹ്യ പ്രശ്നങ്ങളിൽ പൂർണ്ണമായും ബന്ധപ്പെടുന്ന ഇടങ്ങളായി ഗ്രന്ഥശാലകൾ മാറണമെന്ന് ആർ.രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. കേരള കൗമുദിയും പുലിയൂർവഞ്ചി ജനകീയ ലൈബ്രറിയും സംയുക്തമായി ഗ്രന്ഥശാലാ അങ്കണത്തിൽ സംഘടിപ്പിച്ച ഗ്രാമസംഗമം 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യ മാറ്റത്തിന്റെ ചാലക ശക്തിയായി ഗ്രന്ഥശാലകൾ മാറുമ്പോൾ, അത് പുതുതലമുറയ്ക്ക് പുത്തൻ ഉണർവ് പകരുമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ അസമത്വങ്ങൾ പൊതു സമൂഹത്തിന്റെ മുന്നിൽ തുറന്നുകാട്ടുന്ന പത്രമാണ് കേരള കൗമുദി. മറ്റ് പത്രങ്ങളിൽ നിന്നും വേറിട്ട ശബ്ദമാണ് കേരള കൗമുദിയുടേതെന്ന് എം.എൽ.എ പറഞ്ഞു. മതനിരപേക്ഷത സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന കാലഘട്ടമാണിതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ പറഞ്ഞു. വർത്തമാന കാലഘട്ടത്തിൽ ഗ്രന്ഥശാലകളുടെ പ്രാധാന്യം വർദ്ധിച്ച് വരികയാണെന്ന് സംസ്ഥാന യുവജന ക്ഷേമബോർഡ് അംഗം സി.ആർ.മഹേഷ് പറഞ്ഞു. സമൂഹത്തിൽ അന്യം നിന്നു പോകുന്ന വായനയെ സംരക്ഷിച്ച് നിർത്തുന്നതിൽ ഗ്രന്ഥശാലകൾക്കുള്ള പങ്ക് നിർണ്ണായകമാണെന്നും മഹേഷ് ചൂണ്ടിക്കാട്ടി. ഗ്രന്ഥശാലകൾ സമൂഹത്തിന്റെ കൈയ്യൊപ്പായി മാറുകയാണെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ പറഞ്ഞു. ഗ്രന്ഥശാലകൾ കാലത്തിനൊപ്പം മാറുകയാണ്. പുത്തൻ തറമുറ ഗ്രന്ഥശാലകളെ ഇരുകരങ്ങളും നീട്ടിയാണ് സ്വീകരിക്കുന്നത്. അതുകൊണ്ടാണ് കരുനാഗപ്പള്ളി താലൂക്കിൽ ഗ്രന്ഥശാലകളുടെ എണ്ണം 110 ആയി വർദ്ധിപ്പിക്കാൻ കഴിഞ്ഞെതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എസ്.മോഹനൻ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന നാവാസ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.ഷംസുദ്ദീൻ, ജനകീയ ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് സി.സേതു എന്നിവർ പ്രസംഗിച്ചു.

ജനകീയ ഗ്രന്ഥശാലയുടെ ആദ്യകാല ഭാരവാഹികളെ കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ്. സി. വിമൽകുമാർ പൊന്നാട അണിയിച്ച് ആദരിച്ചു. ജനകീയ ഗ്രന്ഥശാലാ സെക്രട്ടറി എസ്.കെ.അനിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജനകീയ ഗ്രന്ഥശാലാ പ്രസിഡന്റ് എസ്.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള കൗമുദി കരുനാഗപ്പള്ളി ലേഖകൻ ആർ.രവി സ്വാഗതവും ജനകീയ ഗ്രന്ഥശാലാ ജോയിന്റ് സെക്രട്ടറി വി.സതീഷ് കുമാർ നന്ദിയും പറഞ്ഞു.