muhammed-rafi
മുഹമ്മദ് റഫി ഫൗണ്ടേഷൻ വാർഷികാഘോഷവും സുഹാനി രാത്ത് അവാർഡ് ദാനവും കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: മനുഷ്യരെ പരസ്പരം സ്നേഹിക്കാൻ പ്രേരിപ്പിക്കുന്ന ദിവ്യ ഔഷധമാണ് സംഗീതമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മുഹമ്മദ് റഫി ഫൗണ്ടേഷന്റെ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തിലെ വൈജ്ഞാനിക സാഹിത്യങ്ങളെല്ലാം സ്നേഹത്തിൽ അധിഷ്ഠിതമാണ്. ഭാഷയും വേഷവും വർഗവും വർണവും സ്നേഹത്തിന് മുന്നിൽ അതിരുകളാകുന്നില്ല. മലയാളത്തിൽ ഒരുപാട്ട് പോലും പാടാതിരുന്നിട്ടും മുഹമ്മദ് റഫി മലയാളക്കര കീഴടക്കാൻ കാരണവും ഇതാണ്. സംഗീതം ആനന്ദമാണ്. അത് അനുഭവിച്ചറിയണം. റഫിയെപ്പോലുള്ള പ്രതിഭകൾ ഇന്നും ആസ്വാദകരുടെ മനസിൽ നിറഞ്ഞ് നിൽക്കാൻ കാരണവുമതാണ്. ഹിന്ദി സംസ്ഥാനങ്ങളിൽ മുഹമ്മദ് റഫിയുടെ പേരിൽ ഫൗണ്ടേഷനുകൾ കണ്ടിട്ടില്ല. എന്നാൽ മലയാളത്തിൽ ഒരു പാട്ടുപോലും പാടാത്ത അദ്ദേഹത്തിനായി കേരളത്തിൽ ഒരു ഫൗണ്ടേഷൻ ആരംഭിച്ചത് ഏറെ പ്രശംസനീയമെന്നും ഗവർണർ പറഞ്ഞു.

ജസ്റ്റിസ് സിറിയക് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സി.വി.ആനന്ദബോസ് രചിച്ച ഈ ലോകം ഇരുണ്ടതല്ല, സി.വി.ആനന്ദബോസിന്റെ തിരഞ്ഞെടുത്ത കൃതികൾ എന്നീ പുസ്തകങ്ങൾ ഗവർണർ പ്രകാശനം ചെയ്തു. ഡോ.സി.വി.ആനന്ദബോസ്, എസ്. ഉണ്ണിക്കൃഷ്ണൻ, എം.എസ്. ശ്യാംകുമാർ, പി. ജയലക്ഷ്മി, ഡോ. ഡി. സോമൻ തുടങ്ങിയവർ സംസാരിച്ചു.