പടിഞ്ഞാറേക്കല്ലട : പഞ്ചായത്തിലെ വർഷങ്ങൾ പഴക്കം ചെന്ന് അപകടാവസ്ഥയിലായ വളഞ്ഞ വരമ്പ് കലുങ്ക് ഉയരം കൂട്ടി പുതുക്കി പ്പണിയണം എന്ന കേരള കൗമുദി വാർത്തയെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ എസ്. ശബരിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയത്. പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ കടപുഴ വളഞ്ഞ വരമ്പ് കാരാളിമുക്ക് റോഡിലാണ് കലുങ്ക് നിർമ്മിച്ചിരിക്കുന്നത്. കല്ലടയാറ്റിലെ വെള്ളം മുണ്ടകപ്പാടത്തേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും വേണ്ടി വർഷങ്ങൾക്ക് മുമ്പ് ഷട്ടറുകളോടുകൂടി നിർമ്മിച്ചതാണിത്. ഇപ്പോൾ കലുങ്കിന്റെ അടിഭാഗത്തെ കമ്പികൾ ദ്രവിച്ച് കോൺക്രീറ്റ് പാളികൾ ഇളകി അപകടാവസ്ഥയിലാണ്. കിഫ്‌ബി പദ്ധതി പ്രകാരമുള്ള കടപുഴ -വളഞ്ഞവരമ്പ്- കാരാളിമുക്ക് റോഡ് നവീകരണത്തിൽ കലുങ്കിന്റെ പുനർ നിമ്മാണം ഉൾപ്പെട്ടിട്ടില്ല. പി.ഡബ്ലിയു.ഡി റോഡിൽ നിർമ്മിച്ചിരിക്കുന്ന കലുങ്കിന്റെ ഷട്ടറുകൾ മൈനർ ഇറിഗേഷൻ പരിധിയിൽ പ്പെട്ടതിനാലാണ് റോഡ് നവീകരണത്തിൽ കലുങ്കിനെ ഉൾപ്പെടുത്താത്. ഇരു വകുപ്പുകളും സംയുക്തമായാണ് പുനർ നിർമ്മാണച്ചെലവ് പങ്കിടേണ്ടത്.
നാട്ടുകാരുടെ ആവശ്യം
വളഞ്ഞവരമ്പ് കലുങ്കിന് ഏതാനും മീറ്റർ അകലെയാണ് 300 കോടി രൂപ ചെവലിൽ സോളാർ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതിപ്രദേശത്തിന് അടുത്തുള്ള ഭൂമി ടൂറിസം വികസനത്തിന് ഉപയോഗപ്പെടുത്താനാണ് നീക്കം. വെള്ളക്കെട്ടായ പദ്ധതിപ്രദേശത്ത് ഭാവിയിൽ അടിയന്തര ഘട്ടങ്ങളിൽ പൊലീസിനോ ഫയർഫോഴ്സിനോ കല്ലടയാർ വഴി ബോട്ടിൽ എത്തിച്ചേരണമെങ്കിൽ പ്രധാന പ്രവേശന കവാടമായ ഈ കലുങ്കിൽ വേഗത്തിൽ തുറക്കാൻ പറ്റുന്ന തരത്തിലുള്ള ഷട്ടറുകൾ സ്ഥാപിക്കണം. കൂടാതെ ചെറു ബോട്ടുകൾക്കും വള്ളങ്ങൾക്കും സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ ഉയരം കൂട്ടി പുതിയ കലുങ്ക് നിർമ്മിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.