എഴുകോൺ: വിദ്യാഭ്യാസത്തിലൂടെ സ്വയം അറിയുന്നതിനൊപ്പം സമൂഹത്തെയും അറിയണമെന്ന് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പറഞ്ഞു. കരുവേലിൽ ടി.കെ.എം കോളേജ് ഓഫ് മാനേജ്മെന്റിന്റെ രജത ജൂബലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾ കുഞ്ഞ് മുസലിയാരുടെ സാമൂഹിക പ്രതിബദ്ധതയുടെ ഉദാഹരണമാണ് ടി.കെ.എം ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. വിദ്യാഭ്യാസം കൊണ്ട് മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയണം. ജീവിത മൂല്യങ്ങൾ ഉയർത്തി പിടിക്കാൻ കഴിയുന്നതാകണം വിദ്യാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു.
കൊടിക്കുന്നിൽ സുരേഷ് എം.പി അദ്ധ്യക്ഷത വഹിച്ചു.എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് അംബിക സുരേന്ദ്രൻ, ടി.കെ.എം കോളേജ് ട്രസ്റ്റ് പ്രസിഡന്റ് ഷാഹൽ. എം. മുസലിയാർ എന്നിവർ സംസാരിച്ചു. ടി.കെ.എം കോളേജ് ഓഫ് മാനേജ്മെന്റ് ഡയറക്ടർ ഡോ.ജയറാം നായർ സ്വാഗതവും ടി.കെ.എം കോളേജ് ട്രസ്റ്റ് മെമ്പറും ടി.കെ. എം .ഐ. എം അഡ്മിനിസ്ട്രേറ്റർ സദ്ധിഖ്.എസ്.താഹ നന്ദിയും പറഞ്ഞു.