deepam1
ക്ലീൻ കൊല്ലം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊല്ലം ബീച്ചിൽ ന​ടത്തി​യ ശു​ചി​ത്വ ദീ​പസ​ന്ധ്യ മേ​യർ വി. രാ​ജേ​ന്ദ്ര​ബാ​ബു ഉ​ദ്​ഘാട​നം ചെ​യ്യുന്നു

കൊല്ലം: ദീപാവലി സന്ധ്യയിൽ ഇന്നലെ കൊല്ലം ബീച്ചിൽ ഒത്തുകൂടിയ ആയിരങ്ങൾ ശുചിത്വ ദീപ സന്ധ്യയിൽ പങ്കെടുത്തത് നഗരത്തിന് വേറിട്ട അനുഭവമായി.

നഗരസഭാ പ്രദേശം പൂർണമായും മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം നഗരസഭ നടപ്പിലാക്കുന്ന 'ക്ലീൻ കൊല്ലം ' പദ്ധതിയുടെ ഭാഗമായിട്ടാണ് ദീപ സന്ധ്യ സംഘടിപ്പിച്ചത്.
കൊല്ലം കടപ്പുറമാകെ ദീപാലംകൃതമാക്കി ശുചിത്വ പ്രതിജ്ഞ ഏറ്റുചൊല്ലി.
പരിപാടിയോട് അനുബന്ധിച്ച് കൊല്ലം എസ്. എൻ കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച, 'വലിച്ചെറിയരുത് മാലിന്യം' എന്ന വിഷയത്തെ ആസ്പദമാക്കിയ തെരുവ് നാടകവും സുംബാ നൃത്തവും ചടങ്ങിന് പകിട്ടേകി. നഗരപ്രദേശത്ത് ഉത്ഭവിക്കുന്ന ജൈവ മാലിന്യങ്ങൾ പൂർണമായും ഉറവിടത്തിൽ തന്നെ സംസ്​കരിക്കുന്നതിനും അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ഹരിത കർമ സേനാംഗങ്ങൾ വഴി ശേഖരിച്ച് സംസ്​കരണത്തിനായി ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നതിനുമുള്ള സംവിധാനങ്ങളെ കുറിച്ച് തെരുവു നാടകത്തിലൂടെ ബോധവത്കരണം നടത്തി.
മാലിന്യ സംസ്​കരണത്തിൽ നഗരസഭാ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ കൊല്ലം സീറോ വേസ്റ്റ് സിറ്റിയായി പ്രഖ്യാപിക്കാനാകുമെന്ന് മേയർ വി രാജേന്ദ്രബാബു പറഞ്ഞു. വരും തലമുറയ്ക്കായി മാലിന്യ രഹിത നഗരം ഒരുക്കാൻ ദീപസന്ധ്യയിലൂടെ നഗരസഭ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ പ്രചരണാർത്ഥം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പതിനായിരം പേർ പങ്കെടുക്കുന്ന മഹാറാലി സംഘടിപ്പിക്കും. നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ ഗവൺമെന്റ് ഡിപ്പാർട്ട്‌​മെന്റുകൾ, കുടുംബശ്രീ, അംഗൻവാടി​ ആശാ പ്രവർത്തകർ, കലാ​കായക ​സാംസ്​കാരിക​ സന്നദ്ധ സംഘടനകൾ, റസിഡന്റ്‌​സ് അസോസിയേഷനുകൾ തുടങ്ങിയവർ പങ്കെടുക്കും. നിശ്ചല ദൃശ്യങ്ങൾ, ബാന്റ് ട്രൂപ്പുകൾ, വാദ്യഘോഷങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് റാലി നടക്കുക.
ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, വിവിധ ഡിവിഷൻ കൗൺസിലർമാർ, ശുചിത്വമിഷൻ ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമസേനാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.