കൊല്ലം: കണ്ടൽ വനവൽക്കരണ പ്രവർത്തനങ്ങളിലൂടെ പൊലീസിന്റെ ജനകീയ മുഖമാണ് ദൃശ്യമാകുന്നതെന്ന് കെ. സോമപ്രസാദ് എം.പി അഭിപ്രായപ്പെട്ടു. കോസ്റ്റൽ പൊലീസ് സ്റ്റേഷൻ - കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംരംഭമായ ശുചിത്വ തീരം-സുരക്ഷിത തീരം പദ്ധതിയുടെ ഭാഗമായി ചവറ കരാറ്റകടവിൽ പാസ്ക്-ഒ.എൻ.വി വായനശാലയുമായി സഹകരിച്ച് നടത്തിയ കണ്ടൽ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. സോഷ്യൽ ഫോറസ്ട്രി കൊല്ലം യൂണിറ്റ്, ചവറ എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്കീം ഹായ് ക്ലബ്, സേവ് ട്രീ മൂവ്മെന്റ് ബയോ ഡൈവേഴ്സിറ്റി വിഭാഗം എന്നിവ പങ്കാളികളായി.
എൻ. വിജയൻപിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.ഒ.എ ജില്ലാ സെക്രട്ടറി എം.സി പ്രശാന്തൻ സ്വാഗതം പറഞ്ഞു. ശുചിത്വ തീരം സുരക്ഷിത തീരം പദ്ധതി ലോഗോ പ്രകാശനവും എം.പി നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, പരിസ്ഥിതി പ്രവർത്തകൻ വി.കെ. മധുസൂദനൻ, പാസ്ക്-ഒ.എൻ.വി ഗ്രന്ഥശാല ഭാരവാഹികളായ സി. രഘുനാഥ്, എസ്. വിദ്യാധരൻപിള്ള, മന്ദീപ്കുമാർ, ശുചിത്വ തീരം സുരക്ഷിത തീരം പദ്ധതി കൺവീനർ ഡി. ശ്രീകുമാർ, ജോ. കൺവീനർ എസ്. അശോകൻ, കോസ്റ്റൽ എസ്.ഐ ഭുവനദാസ്, സോഷ്യൽ ഫോറസ്ട്രി എസ്.എഫ്.ഒ അനിൽകുമാർ, ബയോ ഡൈവേഴ്സിറ്റി പ്രോജക്ട് ഫെലോ കെ.എച്ച്.അരുൺദാസ് , സേവ് ട്രീ മൂവ്മെന്റ് പ്രതിനിധി ബ്രിജേഷ്, ഗ്രാമപഞ്ചായത്ത് അംഗം സക്കീർ ഹുസൈൻ, എ.ആർ. മോൻകുമാർ, ജോയി, ഗൗരിശ്രീ എന്നിവർ സംസാരിച്ചു.
2017ൽ ആരംഭിച്ച ശുചിത്വ തീരം സുരക്ഷിത തീരം പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ചാംഘട്ട കണ്ടൽ വനവത്കരണ പ്രവർത്തനമാണ് കരാറ്റ കടലിൽ നടന്നത്. കടലിൽ ഒരു കിലോമീറ്റർ ദൈർഘ്യത്തിൽ 500 ഓളം കണ്ടൽ തൈകൾ മുളംകുറ്റികൾ സ്ഥാപിച്ച് നട്ടു. പാസ്ക്-ഒ.എൻ.വി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പരിപാലനസമിതി രൂപീകരിച്ചു. കോസ്റ്റൽ പൊലീസിന്റെ മേൽനോട്ടവും ഉണ്ടാകും.