photo
മൺറോതുരുത്തിൽ ഇത്തിരിനേരം എന്ന വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മൺറോതുരുത്ത് എസ് വളവിൽ സംഘടിപ്പിച്ച ദീപകാഴ്ച

കുണ്ടറ: അഷ്ടമുടിക്കായലിൽ ഒരുക്കിയ ദീപക്കാഴ്ച മൺറോത്തുരുത്തിന് ഉത്സവചാരുതയേകി. ദീപാവലി ദിനമായ ഇന്നലെ ഇത്തിരിനേരം എന്ന വാട്സാപ്പ് കൂട്ടയ്മയാണ് ദീപക്കാഴ്ചയും സംഗീതനിശയും ഒരുക്കിയത്.

28-ാം ഓണനാളിലെ ജലോത്സവത്തിന്റെ നഷ്ടം നാട്ടുകാർ ദീപാവലിയൊരുക്കി നികത്തി.വൈകിട്ട് അഞ്ച് മണിയോടെ എസ് വളവ് ഭാഗത്താണ് ജനങ്ങൾ ഒന്നിച്ചുകൂടിയത്. എത്തിച്ചേർന്നവരെല്ലാം ദീപം തെളിക്കൽ സ്വയം ഏറ്റെടുത്തു.ആറ് മണിയോടെ എസ് വളവിലെ കായലിന് മദ്ധ്യത്തുകൂടിയുള്ള റോഡിലും കായലിലും വള്ളങ്ങളിലും കരകളിലും മൺചെരാതുകൾ മിഴിതുറന്നു. കരയിലെ വൃക്ഷങ്ങളിൽ വൈദ്യുത ദീപാലങ്കാരവും ഒരുക്കിയിരുന്നു.

ആഘോഷത്തോടനുബന്ധിച്ച് പൊതുസമ്മേളനവും മെഹഫിൽ സന്ധ്യയും നടത്തി. യോഗം മൺറോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരൻ ഉദ്ഘാടനം ചെയ്തു. ജോൺസൺ കല്ലട അധ്യക്ഷത വഹിച്ചു. വെബ് സൈറ്റ് കാഥികൻ കല്ലട വി.വി.ജോസ് ഉദ്ഘാടനം ചെയ്തു. സജിത് ശിങ്കാരപള്ളി, ബൈജു പ്രണവം, ശോഭാ സുധീഷ്, ഡോ.കിഷോർ, ജയൻ മൺറോ, അപർണ, പ്രവീൺകുമാർ തുടങ്ങിയവർ സംസാരിച്ചു. മൺറോതുരുത്തിൽ ഇത്തിരിനേരമെന്ന വാട്ട്‌സ്ആപ് കൂട്ടായ്മയുടെ 41 ദിവസത്തെ പ്രയത്നമാണ് ദീപാവലിദിനത്തിൽ അഷ്ടമുടിക്കായലിൽ പ്രഭാപൂരംതീർത്തത്.