ആധുനിക സൗകര്യങ്ങൾ നാളെ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും
കൊല്ലം: പുത്തൂർ പാങ്ങോട് ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയൂർവേദിക് സ്റ്റഡീസ് ആന്റ് റിസർച്ച് സെന്ററിനെ കേന്ദ്ര സർക്കാരിന്റെ ഹെൽത്ത് ടൂറിസത്തിന്റെ ഭാഗമാക്കും. ഇതിനായി കാമ്പസിൽ പരമ്പരാഗത കുടിലുകളുടെയും നീന്തൽ കുളത്തിന്റെയും നിർമ്മാണം പൂർത്തിയായതായി ശ്രീനാരായണ ഹെൽത്ത് കെയർ സൊസൈറ്റി സെക്രട്ടറി എം.എൽ.അനിധരൻ, ചെയർമാൻ പ്രൊഫ.കെ.ശശികുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആധുനിക സംവിധാനങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ 10.30ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ നിർവഹിക്കും. വിദേശ ടൂറിസ്റ്റുകളെ ഉൾപ്പെടെ ആകർഷിക്കാൻ കഴിയുംവിധം ഉന്നത നിലവാരത്തിനൊപ്പം പരമ്പരാഗത ശൈലികളും കോർത്തിണക്കിയാണ് കോട്ടേജുകൾ നിർമ്മിച്ചത്. അന്താരാഷ്ട്ര നിലവാരമുള്ള ആയൂർവേദ ചികിത്സാ ക്രമങ്ങളും സജ്ജമാണ്. ആശുപത്രിയിലെ പുതിയ ഡീലക്‌സ് ബ്ലോക്കിന്റെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിക്കും. സോളാർ സംവിധാനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ കൃഷ്‌ണൻ, പഞ്ചായത്തംഗം ഡി.അനീഷ്, ശ്രീനാരായണ ഹെൽത്ത് കെയർ സൊസൈറ്റി സെക്രട്ടറി എം.എൽ.അനിധരൻ, ചെയർമാൻ പ്രൊഫ.കെ.ശശികുമാർ, വൈസ് ചെയർമാൻ പ്രൊഫ.വി.എസ്.ലീ എന്നിവർ പങ്കെടുക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കിടത്തി ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൗജന്യമാണ്. സൗജന്യ മെഡിക്കൽ ക്യാമ്പുകളും ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.
മെഡിക്കൽ കോളേജിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കായി തയ്യാറാക്കിയ ഔഷധക്കൂട്ടുകൾ മികച്ച ഫലസിദ്ധി ഉണ്ടാക്കിയതായും ഇവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ശ്രീനാരായണ ഹെൽത്ത് കെയർ സൊസൈറ്റി ട്രഷറർ കാവേരി രാമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി സലിം നാരായണൻ എന്നിവരും പങ്കെടുത്തു.
കല്ലടയാറിന്റെ തീരത്തെ 32 ഏക്കറിൽ
ആയൂർവേദ പഠനത്തിനും ചികിത്സയ്ക്കുമായി ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയൂർവേദിക് സ്റ്റഡീസ് ആന്റ് റിസർച്ച് എന്ന പഠന ഗവേഷണ കേന്ദ്രം 2004ലാണ് സ്ഥാപിതമായത്. ശ്രീനാരായണ ഹെൽത്ത് കെയർ സൊസൈറ്റിയുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും പുത്തൂർ പാങ്ങോട്ടെ കല്ലടയാറിന്റെ തീരത്ത് 32 ഏക്കർ സ്ഥലത്താണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ആയൂർവേദ ശാസ്ത്രത്തിൽ ബി.എ.എം.എസ്, എം.ഡി, എം.എസ് എന്നീ കോഴ്സുകളാണ് ഇവിടെയുള്ളത്. ഇതോടൊപ്പം 250 കിടക്കകളുള്ള അത്യാധുനിക ആയൂർവേദ ആശുപത്രിയാണ് പ്രവർത്തിക്കുന്നത്. ഒ.പി, ഐ.പി വിഭാഗത്തിൽ തദ്ദേശീയരും വിദേശികളുമായ നിരവധി രോഗികളാണ് ചികിത്സ തേടിയെത്തുന്നത്.