പുനലൂർ: പുനലൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് 30കോടി രൂപ വായ്പയായി നൽകും. പുനലൂരിലെ ഹെഡ് ഓഫീസിന് പുറമേ അഞ്ചൽ, കുളത്തൂപ്പുഴ ബ്രാഞ്ചുകൾ വഴിയാണ് വായ്പകൾ നൽകുന്നതെന്ന് ബാങ്ക് പ്രസിഡന്റ് എസ്. രാജേന്ദ്രൻ നായർ, സെക്രട്ടറി എസ്. രതികുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാർഷിക മേഖലയ്ക്ക് 15കോടിയും ഭവന വായ്പാ മേഖലയിൽ 10 കോടിയും വ്യവസായത്തിന് 5കോടി രൂപയും വിതരണം ചെയ്യും. ഒരു കോടി രൂപവരെ വ്യക്തിഗത വായ്പയായും നൽകും. 8.5 ശതമാനം മുതൽ 11.40 ശതമാനം വരെ പലിശ നിരക്കിൽ 3 വർഷം മുതൽ 15 വർഷം വരെ കാലാവധിയുളള ഹ്രസ്വകാല വായ്പകളും നൽകും.സമയ ബന്ധിതമായി തുക തിരിച്ചടയ്ക്കുന്ന ഇടപാടുകാർക്ക് തൻമാസ പലിശയുടെ 10ശതമാനം പരമാവധി 10,000 രൂപ വരെ സബ്സിഡിയായി നൽകി വരുന്നു. കാർഷിക അനുബന്ധ ജലസേജനം, പൂന്തോട്ട ഔഷധ നിർമ്മാണം, കന്നുകാലി പരിപാലനം, പട്ടുനൂൽ കൃഷികൾക്ക് പുറമെ ചെറുകിട, വൻകിട വ്യാപാര, വ്യവസായ യൂണിറ്റുകൾ ആരംഭിക്കാനും, നിലവിലുളളവ വിപുലീകരിക്കാനും വായ്പകൾ ലഭ്യമാണ്. കാർഷിക, കാർഷികേതര മേഖലയിൽ വായ്പകൾ നൽകി ജനങ്ങളുടെ ശ്രദ്ധയാകർഷിച്ച ബാങ്കിൻെറ 5-ാം വാർഷിക പൊതുയോഗം നവംബർ രണ്ടിന് വൈകിട്ട് 3ന് ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരും. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് പൊതുയോഗത്തിൽ അവാർഡും സ്കോളർഷിപ്പും വിതരണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.