logo
logo

 കബഡി - വോളിബോൾ ടൂർണമെന്റുകളിൽ വിദേശ ടീമുകൾ പങ്കെടുക്കും

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ കായികോത്സവം നവംബർ 7 മുതൽ 10 വരെ കൊല്ലത്ത് നടക്കുമെന്ന് ജില്ലാ കളക്ടർ ബി.അബ്‌ദുൽനാസർ, മേയർ വി.രാജേന്ദ്രബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കബഡി - വോളിബോൾ ടൂർണമെന്റുകൾക്കായി സംഘടിപ്പിക്കുന്ന കായികോത്സവത്തിന് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം കോംപ്ലക്‌സ് വേദിയാകും. കേരളത്തിനകത്തും പുറത്തുമുള്ള ദേശീയ നിലവാരം പുലർത്തുന്ന ടീമുകൾക്കൊപ്പം വിദേശ ടീമുകളും പങ്കെടുക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാൻ സ്പോൺസർഷിപ്പ്, സംഭാവന, ടിക്കറ്റ്, കോംപ്ലിമെന്ററി പാസ് എന്നിവ മുഖേന ലഭിക്കുന്ന തുക ചെക്ക് അല്ലെങ്കിൽ ഡി.ഡി ആയി പ്രിൻസിപ്പൽ സെക്രട്ടറി, സി.എം.ഡി.ആർ.എഫ് എന്ന പേരിലുള്ള അക്കൗണ്ടിലേക്ക് നൽകും. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിലുള്ള സംഘാടക സമിതി കാര്യാലയം വഴി 1000, 500 രൂപ വിലയുള്ള പാസ് ലഭിക്കും. ഇതുപയോഗിച്ച് എല്ലാ മത്സരങ്ങളും കാണാം. കേരള പൊലീസും അസംപ്ഷൻ കോളേജ് ചങ്ങനാശേരിയും തമ്മിലുള്ള വനിതാ വോളിബോൾ പ്രദർശന മത്സരവും കളക്ടറുടെയും മാധ്യമപ്രവർത്തകരുടെയും ടീമുകൾ തമ്മിലുള്ള കബഡി പ്രദർശന മത്സരവും കായികോത്സവത്തിന്റെ ഭാഗമായി നടത്തും. വാർത്താ സമ്മേളനത്തിൽ ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്‌സ്.ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി എന്നിവരും പങ്കെടുത്തു.

ശ്രീലങ്കൻ സൈന്യത്തിന്റെ ടീമാണ് കബഡിയിലെ വിദേശ സാന്നിധ്യം. പുരുഷ വിഭാഗത്തിൽ ഹരിയാന ടൈഗേഴ്സ്, കേരള പൊലീസ്, എം.ഇ.ജി ബാംഗ്ലൂർ, സായി എന്നിവയും വനിതാ വിഭാഗത്തിൽ കെ.സ്റ്റാർ ചെന്നൈ, അൽവാസ് മാംഗ്ലൂർ, ഹരിയാന ടൈഗേഴ്സ്, എം.ജി.യൂണിവേഴ്സിറ്റി, കേരള ടീമുകൾ എന്നിവയും പങ്കെടുക്കും. കന്റോൺമെന്റ് മൈതാനിയിലാണ് കബഡി മത്സരങ്ങൾക്കായി പ്രത്യേക വേദിയൊരുക്കുന്നത്.

വോളിബോൾ മത്സരങ്ങളിൽ ഏറ്റുമുട്ടുന്നത് ഇന്ത്യൻ എയർഫോഴ്സ്, ഇന്ത്യൻ ആർമി, കൊച്ചിൻ കസ്റ്റംസ്, എ.ആർ.ഫോർട്ട്, കേരള പൊലീസ്, ബീക്കൺ സ്പോർട്സ് കാലിക്കറ്റ്, കെ.എസ്.ഇ.ബി, സെന്റ്.തോമസ് പാല ടീമുകളാണ്. ക്യു.എ.സി മൈതാനത്തെ വോളിബോൾ കോർട്ടിലാണ് വോളിബോൾ മത്സരങ്ങൾ നടക്കുക.