കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകൾ എത്രയും പെട്ടെന്ന് മാറ്റണമെന്ന് നാട്ടുകാർ
പടിഞ്ഞാറേക്കല്ലട : പഞ്ചായത്തിലെ പ്രധാന റോഡുകളായ കടപുഴ -വളഞ്ഞവരമ്പ് -കാരാളിമുക്ക് റോഡിലെയും കടപുഴ -കാരാളിമുക്ക് റോഡിലെയും കാലപ്പഴക്കം ചെന്ന ശുദ്ധജല വിതരണ പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. കിഫ്ബി പദ്ധതിപ്രകാരം നവീകരണം നടക്കുന്ന ഈ റോഡുകളിൽ 40 വർഷത്തിലധികം പഴക്കമുള്ള മൺ പൈപ്പുകളാണ് ഇട്ടിരിക്കുന്നത്. കാലപ്പഴക്കം ചെന്ന മൺ പൈപ്പുകൾ നിറയെ ചെളിയും മറ്റ് മാലിന്യങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ശുദ്ധജലം എന്ന പേരിൽ ഇവിടെ ലഭിക്കുന്ന വെള്ളം മൃഗങ്ങൾ പോലും കുടിക്കാൻ മടിക്കുന്ന രീതിയിൽ ഓരു കലർന്നതും ദുർഗന്ധം വമിക്കുന്നതുമാണ്. കുടിവെള്ളം ലഭിക്കാൻ മറ്റ് മാർഗങ്ങളില്ലാത്തതിനാലാണ് പ്രദേശവാസികൾ ഒാരു വെള്ളം ഉപയോഗിച്ചുവരുന്നത്. കിഫ്ബി പദ്ധതിപ്രകാരം നവീകരണം നടക്കുന്ന റോഡിന്റെ പല ഭാഗത്തും കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി റോഡിന്റെ വീതി പല സ്ഥലങ്ങളിലും കൂടുന്നുണ്ട്.
പ്രദേശവാസികളുടെ ആവശ്യം
റോഡിലെ പഴയ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കണം. അശുദ്ധജല വിതരണം നിറുത്തി പകരം ശാസ്താംകോട്ട ഫിൽട്ടർ ഹൗസിൽ നിന്ന് ഇവിടേയ്ക്ക് നേരിട്ട് ജലം വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം മറ്റ് സമരമാർഗങ്ങളിലേക്ക് പോവുകയോ കോടതിയെ സമീപിക്കുകയോ ചെയ്യും.
40 വർഷത്തിലധികം പഴക്കമുള്ളതാണ് നിലവിൽ ഉപയോഗിക്കുന്ന ശുദ്ധജല വിതരണ പൈപ്പുകൾ
പുതിയ പൈപ്പുകൾ റോഡിന്റെ വശങ്ങളിൽ സ്ഥാപിക്കണം
40 വർഷത്തിലധികം പഴക്കം ചെന്ന നിലവിലുള്ള മൺ പൈപ്പുകൾ റോഡിലെ ടാറിങ്ങിനോട് ചേർത്താണ് ഇട്ടിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിൽ കോടികൾ ചെലവഴിച്ച് നിർമ്മിക്കുന്ന റോഡിലെ പഴകിയ പൈപ്പുകൾ മാറ്റി പുതിയത് റോഡിന്റെ വശങ്ങളിൽ തന്നെ സ്ഥാപിക്കണം. അല്ലാത്തപക്ഷം ഭാവിയിൽ ഉണ്ടായേക്കാവുന്ന പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണികൾക്കായി റോഡ് വീണ്ടും വെട്ടി പൊളിക്കേണ്ട അവസ്ഥ വരും. ഇത് റോഡിന്റെ തകർച്ചയ്ക്ക് കാരണമാവും. ഈ സാഹചര്യം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.