ജില്ലാ ആസ്ഥാനത്തെ ഏഴ് കോടതികൾ ഇന്നലെ വീഡിയോ കോൺഫറൻസിലൂടെ പ്രതികളെ കണ്ടു
കൊല്ലം: പ്രതികളെ കോടതിയിൽ ഹാജരാക്കാതെ ജയിലിൽ നിന്ന് വീഡിയോ കോൺഫൻസിംഗ് വഴിയുള്ള വിചാരണ ജില്ലാ ആസ്ഥാനത്തെ കോടതികളിൽ ആരംഭിച്ചു. പ്രിൻസിപ്പൽ ആന്റ് ഡിസ്ട്രിക്ട് സെഷൻസ് കോടതി, ഫസ്റ്റ് അഡിഷണൽ ജില്ലാ കോടതി, തേഡ് അഡിഷണൽ ജില്ലാ കോടതി, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, ജുഡിഷ്യഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്,രണ്ട്, മൂന്ന് ) കോടതികൾ എന്നിവിടങ്ങളിലാണ് ഇന്നലെ വീഡിയോ കോൺഫറൻസിംഗ് വഴി പ്രതികളെ കേട്ടത്.
കൊല്ലം ജില്ലാ ജയിലിൽ സജ്ജമാക്കിയ രണ്ട് സ്റ്റുഡിയോകളിലൂടെ 12 പ്രതികളാണ് കോടതി നടപടികളുടെ ഭാഗമായത്. ഇതിനായി കോടതി - ജയിൽ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. സംസ്ഥാനത്തെ എല്ലാ കോടതികളിലും വീഡിയോ കോൺഫറൻസിംഗ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൊല്ലത്തെ കോടതികളും ആധുനിക സംവിധാനത്തിലേക്ക് മാറിയത്.
ഒരു പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിന് രണ്ട് പൊലീസുകാരുടെ സുരക്ഷ വേണം. ജില്ലാ ആസ്ഥാനത്തെ എ.ആർ.ക്യാമ്പിൽ നിന്ന് നിയോഗിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് ജയിലിലെത്തി പ്രതികളെ ഏറ്റുവാങ്ങി കോടതിയിലേക്ക് കൊണ്ടുപോകുന്നതും തിരികെ കൊണ്ടുവരുന്നതും. ഗുരുതര ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികളെ കോടതികളിലേക്ക് കൊണ്ടുപോകുന്നത് പലപ്പോഴും പൊലീസിന് തലവേദനയാണ്. എല്ലാ കോടതികളിലും ജയിലുകളിലും വീഡിയോ കോൺഫറൻസിംഗ് സംവിധാനമെത്തുന്നതോടെ പൊലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയും. കോടതി ജോലികൾക്ക് നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരെ ഇനി മുതൽ മറ്റ് ക്രമസമാധാന ചുമതലകളിൽ നിയോഗിക്കാനുമാകും.
ലഹരി വസ്തുക്കൾ തടയാനാകും
പലപ്പോഴും ലഹരി വസ്തുക്കൾ ജയിലിലേക്ക് എത്തുന്നത് പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോഴാണ്. കോടതി പരിസരത്തും ജയിലിലേക്കുള്ള യാത്രയ്ക്കിടയിലുമാണ് സുഹൃത്തുക്കളും ബന്ധുക്കളും ലഹരി വസ്തുക്കൾ കൈമാറുന്നത്. പ്രതികൾ ജയിലിലെ സ്റ്റുഡിയോയിൽ ഇരുന്ന് കോടതി നടപടികളുടെ ഭാഗമാകുമ്പോൾ ലഹരി വസ്തുക്കളിൽ നിന്ന് ഒരു പരിധി വരെ ജയിൽ മുറികളെ മോചിപ്പിക്കാനാകും.