al
പുത്തൂർ പാങ്ങോട് കുഴിക്കലിടവക പബ്ളിക് ലൈബ്രറി നല്കിയ അനുമോദനത്തിൽ വയലാർ സാഹിത്യ പുരസ്കാര ജേതാവ് വി.ജെ. ജയിംസ് സംസാരിക്കുന്നു

പുത്തൂർ: ഗ്രാമത്തിലൂടെയാണ് തന്റെ ബാല്യകാലം കടന്നു പോയതെന്നും ഗ്രാമം തനിക്കെന്നും ലഹരിയാണെന്നും വയലാർ സാഹിത്യ പുരസ്കാര ജേതാവ് വി.ജെ. ജയിംസ് പറഞ്ഞു. വി.ജെ. ജയിംസിന് പുത്തൂർ പാങ്ങോട് കുഴിക്കലിടവക പബ്ളിക് ലൈബ്രറി നല്കിയ അനുമോദനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയോടിണങ്ങിച്ചേർന്ന് ജീവിച്ച ആ ബാല്യ കാലത്തിന്റെ നനുത്ത സ്മരണകൾ തന്നെയാണ് തന്നെ നിരീശ്വരൻ എന്ന നോവലിലേക്കെത്തിച്ചത്. മഹാ പാരമ്പര്യമുള്ള ഒരു ഗ്രാമീണ വായനശാലയിൽ നിന്ന് അനുമോദനമേറ്റുവാങ്ങാനായത് ഭാഗ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വായനശാലാ പ്രസിഡന്റ് ഡി. സത്യബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുരസ്കാരാർഹമായ നിരീശ്വരൻ എന്ന നോവലിനെ മാദ്ധ്യമ പ്രവർത്തകൻ പി.കെ. അനിൽ കുമാർ നിരൂപണം ചെയ്തു. ചടങ്ങിൽ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ ജി. മദനൻ നായർ, സിംഗപ്പൂരിൽ നടന്ന മാസ്‌റ്റേഴ്സ് മീറ്റിൽ ഇന്ത്യക്കായി മൂന്ന് മെഡലുകൾ നേടിയ രഞ്ജു സോളമൻ, മികച്ച പൊതുപ്രവർത്തകനുള്ള പ്രേം നസീർ ഫൗണ്ടേഷൻ അവാർഡ് നേടിയ വി. രാധാകൃഷ്ണൻ, നാടൻപാട്ട് കലാകാരനുള്ള സംസ്ഥാന ഫെലോഷിപ്പ് നേടിയ മഹേഷ് തേനാദി എന്നിവർക്കുള്ള ഉപഹാര സമർപ്പണം വി.ജെ ജയിംസ് നിർവഹിച്ചു. അനീഷ് പാങ്ങോട്,​ സി. അനിൽകുമാർ, സുദർശനൻ പുത്തൂർ, ജെ. കൊച്ചനുജൻ, എസ്. രാജു എന്നിവർ സംസാരിച്ചു.