കൊല്ലം: കൊല്ലം കോർപ്പറേഷൻ, പുനലൂർ നഗരസഭ റവന്യു വിഭാഗത്തിലും വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കൊല്ലം ജില്ലാ പ്രോജക്ട് ഓഫീസിലും, ചവറ, അഞ്ചൽ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും ഇന്നലെ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി.
തദ്ദേശ സ്ഥാപനങ്ങൾ ഒറ്റത്തവണ നികുതി ഇനത്തിൽ സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തുന്നതായും പുതിയ കെട്ടിടങ്ങൾക്ക് കെട്ടിട നമ്പർ നൽകുമ്പോഴും, നിലവിലുള്ള കെട്ടിടങ്ങളോട് കൂട്ടിച്ചേർക്കൽ വരുത്തുമ്പോഴും അധിക നികുതി ഈടാക്കാതെ ക്രമക്കേട് നടത്തുന്നതായും പരാതി ലഭിച്ചതിനെ തുടർന്നാണ് കൊല്ലം കോർപ്പറേഷന്റെയും, പുനലൂർ മുൻസിപ്പാലിറ്റിയുടെ റവന്യു വിഭാഗത്തിൽ മിന്നൽ പരിശോധന നടത്തിയത്.
വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിയ്ക്കുന്ന ജില്ലാ പ്രോജക്ട് ഓഫീസിലും, ബി.ആർ.സികളിൽ തുക ഉപയോഗിക്കുന്നതിൽ വ്യാപക അഴിമതി നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം ജില്ലാ പ്രോജക്ട് ഓഫീസിലും, ചവറ, അഞ്ചൽ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും മിന്നൽ പരിശോധന നടത്തിയത്. വിജിലൻസ് ഡയറക്ടറുടെ ഉത്തരവിനെ തുടർന്ന് വിജിലൻസ് ദക്ഷിണമേഖല പൊലീസ് സൂപ്രണ്ട് ആർ. ജയശങ്കറിന്റെ നിർദ്ദേശാനുസരണം കൊല്ലം വിജിലൻസ് ഡെപ്യൂട്ടി സൂപ്രണ്ട് കെ. അശോകകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
എസ്.ഐ മാരായ എം.എം. ജോസ്, അജയ് നാഥ്, അൽജബാർ, വി. പി.സുധീഷ് , ആർ.രാജേഷ് , കരുനാഗപ്പള്ളി കല്ലട ഇറിഗേഷൻ പ്രോജക്ടിലെ അസിസ്റ്റന്റ് എൻജിനീയർമാരായ ഷാജഹാൻ, സജീവ്. പി. വർഗ്ഗീസ്, കൊല്ലം എ. ഇ. ഒ ശശികുമാർ, വെളിയം എ. ഇ. ഒ. ഓഫീസിലെ സീനിയർ സൂപ്രണ്ട് ജി. കുഞ്ഞുമോൻ, കൊല്ലം ഡി. ഡി. ഇ. ഓഫീസിലെ അസി. പ്രോവിഡന്റ് ഫണ്ട് ഓഫീസർ എൽ. എൽ. സത്യജിത് ബാബു എന്നിവരാണ് മിന്നൽ പരിശോധന നടത്തിയത്. ക്രമക്കേടുകളെ സംബന്ധിച്ച് വിശദമായ പരിശോധനകൾ തുടർന്നുള്ള ദിവസങ്ങളിൽ നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്ന് വിജിലൻസ് ഡിവൈ. എസ്. പി അറിയിച്ചു.
കണ്ടെത്തിയ ക്രമക്കേടുകൾ
! വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ജില്ലാ പ്രോജക്ട് ഓഫീസിൽ സിവിൽ ജോലികളുടെ ഒരു ലക്ഷത്തി പതിനായിരം രൂപ വരെയുള്ള ജോലികൾക്ക് എം ബുക്ക് എഴുതി സൂക്ഷിക്കുന്നില്ല. സിവിൽ ജോലികളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നില്ലെന്നതടക്കം മറ്റു നിരവധി ക്രമക്കേടുകൾ
2.ചവറ ബി.ആർ.സിയിൽ അദ്ധ്യാപകരും അനദ്ധ്യാപകരും ഉൾപ്പെടെ കരാറടിസ്ഥാനത്തിൽ 19 പേർ ജോലി ചെയ്യുന്നെങ്കിലും, 3 പേരുടെ വിവരങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.
3.അഞ്ചൽ ബി.ആർ.സിയിൽ ബ്ലോക്ക് പ്രോജക്ട് ഓഫീസറും, റിസോഴ്‌സ് അദ്ധ്യാപകരും അനധികൃതമായി ഡ്യുട്ടിയിൽ നിന്ന് വിട്ടുനിൽക്കുന്നു. 4.ശരിയായ രീതിയിൽ ക്വട്ടേഷൻ വിളിച്ചല്ല വർക്കുകൾ കൊടുത്തത്. വർക്കുകൾ ചെയ്ത ഫയലുകളിലും, വൗച്ചറുകളിലും ധാരാളം തിരുത്തലുകൾ. കാഷ് ബുക്ക് ഒരു മാസമായി എഴുതിയിട്ടില്ല.
5.കൊല്ലം കോർപ്പറേഷനിലെ 55 ഡിവിഷനുകളിൽ 19 ഡിവിഷനുകളുടെ ഫയലുകൾ മാത്രമെ കൊല്ലം കോർപ്പറേഷനിലുള്ളു. ബാക്കി കിളികൊല്ലൂർ, ഇരവിപുരം, ശക്തികുളങ്ങര, തൃക്കടവൂർ, വടക്കേവിള സോണൽ ഓഫീസുകളിലാണ്. കൊല്ലം കോർപ്പറേഷനിൽ 2015-16 വർഷം മുതൽ 2019-20 വരെയുള്ള കെട്ടിട നമ്പരിനുവേണ്ടിയുള്ള അപേക്ഷകളിൽ ചുരുക്കം ചില ഫയലുകളിൽ മാത്രമാണ് വൺടൈം നികുതി അടച്ചിട്ടുള്ളത്. അതില്ലാതെയാണ് കെട്ടിട നമ്പരുകൾ അനുവദിച്ചിട്ടുള്ളത്.
6.പുനലൂർ നഗരസഭയിലെ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വൺടൈം നികുതി അടയ്ക്കാതെ തന്നെ കെട്ടിട നമ്പരുകൾ അനുവദിച്ചു. സർക്കാർ ഉത്തരവിന് വിരുദ്ധമായി പ്രവർത്തിച്ചതിനാൽ സർക്കാരിന് ലക്ഷക്കണക്കിന് രൂപ നികുതിയിനത്തിൽ നഷ്ടപ്പെട്ടു.