കൊട്ടാരക്കര: അടുക്കളയിലെ കുഴിവീണ പാത്രങ്ങളിൽ പച്ചപ്പിന്റെ കവിതയെഴുതുകയാണ് ജലജകുമാരി. പാത്രങ്ങൾ നിറയെ പച്ചപ്പിന്റെ മനോഹാരിത തിളങ്ങുകയാണ് ഈ കവയത്രിയുടെ വീട്ടിൽ. മോസ് ഗാർഡൻ എന്ന പൂന്തോട്ടക്കൃഷിയെപ്പറ്റി കൊട്ടാരക്കര പനവേലി ചിരട്ടക്കോണം കാനനത്തിൽ ജലജകുമാരിക്ക് വലിയ അറിവുകളില്ല. ഉപയോഗ ശൂന്യമായി വലിച്ചെറിഞ്ഞ പഴയ ഹെൽമറ്റിനുള്ളിൽ പായൽ പടർന്നപ്പോൾ അതിന് സൗന്ദര്യമൊരുക്കിയാണ് തുടക്കം. പിന്നെ അതൊരു ഹരമായി മാറി. ആക്രിക്കാർക്ക് കൊടുക്കാൻ വച്ചിരുന്ന അടുക്കളയിലെ പഴയ പാത്രങ്ങളെല്ലാമെടുത്തു. ഈ പാത്രങ്ങളിൽ നടീൽ മിശ്രിതം നിറച്ച് ലാൻഡ്സ്കേപ്പ് നിർമ്മിച്ചു. അതിൽ പായൽ ഉപയോഗിച്ച് പച്ചപ്പൊരുക്കി. ബോൺസായി ഇനത്തിലെ ചെറു വൃക്ഷങ്ങളും ചെടികളും റോക്കുകളും ഇതിൽ നട്ടുപിടിപ്പിച്ചതോടെ ഒരു കവിതയെഴുതിയ ലഹരിയാണ് ജലജകുമാരിയ്ക്ക് ലഭിച്ചത്. വീടിനുള്ളിൽ അലങ്കാര കൗതുകമായി ഇവ മാറുകയാണ്. നാട്ടിലെ അറിയപ്പെടുന്ന എഴുത്തുകാരിയാണ് എം.എ ബിരുദ ധാരിയായ ഈ വീട്ടമ്മ. അമ്പതിൽപ്പരം കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവാസി മലയാളി സാഹിത്യ കൂട്ടായ്മയായ അക്ഷരമുദ്രയുടെ കേരള കോ-ഓർഡിനേറ്ററാണ്. ചിരട്ടക്കോണം സംസ്കൃതി വായനശാലയുടെ വനിതാവേദി പ്രസിഡന്റ് അക്ഷരം, സംസ്കാര കലാ സാഹിത്യ സംഘടനകളുടെ പ്രധാന പ്രവർത്തകയുമാണ്. ഭർത്താവ് ശശിധരനും മക്കൾ അമ്മുവും അശ്വിനും മരുമകൻ വിവേകും അടങ്ങുന്ന ചെറിയ കുടുംബത്തിൽ കവിതകൾക്കൊപ്പം ജലജകുമാരി പച്ചപ്പ് പടർത്തുകയാണ്. കാഴ്ചകൾ കാണാൻ നാട്ടുകാരും പുറമെയുള്ളവരും ഇവിടേക്ക് എത്തുന്നുണ്ട്.