c
തോക്ക് ചൂണ്ടി മാല കവർച്ച

 കൊട്ടാരക്കരയിൽ ഉപേക്ഷിച്ച മുക്കുപണ്ട മാല കണ്ടെടുത്തു

കൊല്ലം: വഴിയാത്രക്കാരായ സ്ത്രീകളെ തോക്കിൻമുനയിൽ നിറുത്തി മാല പൊട്ടിച്ചെടുത്ത കേസിലെ മുഖ്യപ്രതി സത്യദേവുമായി നഗരത്തിൽ പൊലീസ് തെളിവെടുപ്പ് നടത്തി. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം വാടി സ്വദേശിയുടെ മാല പൊട്ടിച്ചെടുത്ത സ്ഥലത്താണ് വെസ്റ്റ് പൊലീസിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്. ഇവിടെ നിന്ന് പൊട്ടിച്ചെടുത്ത മുക്കുപണ്ട മാല കൊട്ടാരക്കരയിൽ ഉപേക്ഷിച്ച സ്ഥലത്ത് നിന്ന് വീണ്ടെടുക്കുകയും ചെയ്‌തു.

കൊല്ലത്ത് മറ്റ് മൂന്നിടങ്ങളിൽ കൂടി മോഷണം നടത്തിയ ശേഷം കാറിൽ രക്ഷപ്പെടുന്നതിനിടെയാണ് പൊട്ടിച്ചെടുത്തതിൽ ഒരെണ്ണം മുക്കുപണ്ടമാണെന്ന് സത്യദേവും സംഘവും തിരിച്ചറിഞ്ഞത്. ആര്യങ്കാവിലേക്കുള്ള യാത്രയ്‌ക്കിടെ ഇത് കൊട്ടാരക്കരയിലെ പാലത്തിനടുത്ത് ഉപേക്ഷിച്ചു. ചോദ്യം ചെയ്യലിനിടെ മാല കൊട്ടാരക്കരയിൽ ഉപേക്ഷിച്ച കാര്യം സത്യദേവ് വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് വെസ്റ്റ് പൊലീസ് സത്യദേവിനെ പ്രത്യേകമായി കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കിയത്.

സെപ്‌തംബർ 28ന് രാവിലെ കുണ്ടറ ആറുമുറിക്കട - നെടുമൺകാവ് റോഡിലെ തളവൂർകോണം, മുളവന കട്ടകശേരി എന്നിവിടങ്ങളിൽ മോഷണം നടത്തിയ ശേഷമാണ് സത്യദേവും സംഘവും നഗരത്തിലെത്തിയത്. വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപത്താണ് നഗരത്തിലെ ആദ്യ മോഷണം നടത്തിയത്. പിന്നീട് ബീച്ച് റോഡിലെ സൂപ്പർ മാർക്കറ്റിന് മുന്നിൽ, കർബലയിൽ ഫാത്തിമ മാതാ കോളേജിന് സമീപം, പട്ടത്താനം അംഗൻവാടിക്ക് സമീപം എന്നിവിടങ്ങളിൽ നിന്ന് വഴിയാത്രക്കാരെ ആക്രമിച്ച് മാല കവർന്നു.

കൊട്ടാരക്കര റൂറൽ പൊലീസാണ് സത്യദേവിനെ ഡൽഹിയിൽ നിന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് ഒരു ലക്ഷം രൂപ, രണ്ടര ലക്ഷം രൂപ വില മതിക്കുന്ന തോക്ക്, സ്കോർപിയോ കാർ എന്നിവയും പിടിച്ചെടുത്തിരുന്നു. ഡൽഹിയിൽ നിന്ന് വിമാനമാർഗമാണ് സത്യദേവിനെ കേരളത്തിലെത്തിച്ചത്. കൊലപാതകങ്ങൾ, മോഷണം ഉൾപ്പെടെ നൂറിലേറെ ക്രിമനൽ കേസിലെ പ്രതിയും നൂറിലേറെ അംഗങ്ങൾ ഉള്ള ഗുണ്ടാ സംഘത്തിന്റെ തലവനുമാണ് സത്യദേവ്.