ഓയൂർ: പൂയപ്പള്ളി സാമിൽ ജംഗ്ഷനിൽ വന്ധ്യംകരിച്ച് കൊണ്ട് വന്ന അൻപതോളം തെരുവ് നായ്ക്കളെ റോഡിൽ തള്ളി. ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് സംഭവം. വിവിധ സ്ഥലങ്ങളിൽ നിന്ന് പിടിച്ച് വന്ധ്യംകരണം നടത്തിയ ശേഷം വാഹനത്തിൽ കൊണ്ട് വന്നാണ് നായ്ക്കളെ സാമിൽ ജംഗ്ഷനിൽ ഇറക്കിവിട്ടത്. റോഡിലേയ്ക്കിറക്കി വിട്ട നായ്ക്കൾ മണിക്കൂറുകളോളം റോഡിൽ തലങ്ങും വിലങ്ങും ഓടിയത് വാഹന യാത്രികരെയും കാൽനട യാത്രികരെയും ബുദ്ധിമുട്ടിച്ചു. രണ്ട് മാസം മുൻപ് ഇതേ രീതിയിൽ പൂയപ്പള്ളി ഹൈസ്കൂളിന് സമീപത്തും നായ്ത്തളെ ഇറക്കിവിട്ടിരുന്നു. ഇതോടെ പ്രദേശം തെരുവ് നായ്ക്കളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രാത്രിയിൽ കടത്തിണ്ണയിൽ കിടക്കുന്ന നായ്ക്കൾ പുലർച്ചെ റോഡിലിറങ്ങും. നായ്ക്കളെ ഭയന്ന് പ്രഭാത സവാരിക്കിറങ്ങുന്നവർക്ക് ഒറ്റയ്ക്ക് നടക്കാൻ കഴിയാത്ത അവസ്ഥയാണ്. തെരുവ് നായ്ക്കൾ കാരണം ഇരുചക്രവാഹന യാത്രികർ പലപ്പോഴും അവകടത്തിൽപ്പെടാറുണ്ട്. നായ്ക്കക്കളുടെ ആക്രമണം ഭയന്ന് വളർത്ത് ജീവികളെ കൂട്ടിൽ നിന്നും തുറന്ന് വിടാൻ കഴിയാത്ത അവസ്ഥയാണ്. തെരുവ് നായ്ക്കളെ പിടികൂടി പുനരധിവസിപ്പിക്കുന്നതിന് പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.