കൊല്ലം: തർക്കങ്ങൾ മദ്ധ്യസ്ഥതയിലൂടെ പരിഹരിക്കാൻ എളുപ്പത്തിൽ കഴിയുമെന്നും സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കങ്ങൾ പോലും മദ്ധ്യസ്ഥതയിലൂടെ തീർക്കാൻ സാധിക്കുമെന്നും ഹൈക്കോടതി ജസ്റ്റിസ് സുനിൽ തോമസ് പറഞ്ഞു. കേരളാ സ്റ്റേറ്റ് മീഡിയേഷൻ ആന്റ് കൺസിലേഷൻ സെന്റർ മീഡിയേറ്റർമാർക്കും ജില്ലയിലെ ജുഡിഷ്യൽ ഓഫീസർമാർക്കുമായി സംഘടിപ്പിച്ച റിഫ്രഷർ കോഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാമജൻമഭൂമി ,ബാബ്റി മസ്ജിദ് തർക്കം പോലും സുപ്രീംകോടതി മധ്യസ്ഥതയിലൂടെ തീർക്കാനാണ് വിട്ടിരിക്കുന്നത്. തർക്കങ്ങളിലെ പ്രധാന ഘടകം എന്താണെന്ന് ആദ്യം മനസിലാക്കണം. അതിന് ആവശ്യമായ മന:ശാസ്ത്രപരമായ രീതിയും അവലംബിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ജില്ലാ ആന്റ് സെഷൻസ് ജഡ്ജി എസ്.എച്ച് പഞ്ചാപകേശൻ അദ്ധ്യക്ഷത വഹിച്ചു. ഹൈക്കോടതി എ.ഡി.ആർ സെന്റർ ഡയറക്ടർ ജോണി സെബാസ്റ്റ്യൻ,ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് എസ്. ശ്രീരാജ്, ഡി.എൽ.എസ്.എ സെക്രട്ടറിയും സബ് ജഡ്ജുമായ സുബിതാ ചിറക്കൽ, ബാർ അസോസിയേഷൻ പ്രസിഡന്റ് ധീരജ് രവി, മിഡിയേറ്റേഴ്സ് കോർഡിനേറ്റർ ഫ്രാൻസിസ് ജൂഡ് നെറ്റോ എന്നിവർ സംസാരിച്ചു. മന:ശാസ്ത്ര വിദഗ്ധൻ ഡോ. അനുപ് വിൻസന്റ് ക്ലാസ് നയിച്ചു.