mad-dog

 പ്രദേശത്തെ തെരുവ് നായ്ക്കൾക്കും കടിയേറ്റു

 നാട്ടുകാർ ആശങ്കയിൽ

ചാത്തന്നൂർ: ചാത്തന്നൂരിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. രണ്ട് വളർത്ത് മൃഗങ്ങൾക്കും നിരവധി തെരുവ് നായ്ക്കൾക്കും കടിയേറ്റിട്ടുണ്ട്. കടിയേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

ഇന്നലെ രാവിലെ ആറ് മണിക്കും ഒൻപത് മണിക്കും മദ്ധ്യേയാണ് സ്റ്റാൻഡേ‌ർഡ് ജംഗഷന് സമീപമുള്ള ഏലാ ഭാഗത്ത് പേപ്പട്ടിയുടെ ആക്രമണം ഉണ്ടായത്. മീൻ കച്ചവടത്തിനായി എത്തിയ സൈനുദ്ദീൻ, വയലിൽ വേടൻ കുന്നുവിള വീട്ടിൽ ഷീല, മീനാട് സ്വദേശി മധുസൂദനൻ നായർ എന്നിവർക്കാണ് കടിയേറ്റത്. കൂടാതെ വയലിൽ ബാബുവിന്റെ ഉടമസ്ഥതയിലുള്ള പശുവിനെയും ഇസ്മായിലിന്റെ ഉടമസ്ഥതയിലുള്ള പോത്തിനെയും നായ കടിച്ചു.

ഇതോടെ സംഘടിച്ചെത്തിയ നാട്ടുകാർ പട്ടിയെ തല്ലിക്കൊന്നു. പ്രദേശത്തെ മറ്റ് തെരുവ് നായ്ക്കൾക്ക് പേപ്പട്ടിയുടെ കടിയേറ്റതിനാൽ നാട്ടുകാർ ആശങ്കയിലാണ്. വളർത്ത് മൃഗങ്ങൾക്ക് കടിയേറ്റ വിവരം മൃഗസംരക്ഷണ വകുപ്പിനെ നാട്ടുകാർ അറിയിച്ചിട്ടുണ്ട്. പഞ്ചായത്തിൽ അറിയിച്ചിട്ടും അധികൃതർ സ്ഥലത്തെത്തിയില്ലെന്ന് എന്ന് നാട്ടുകാർ ആരോപിച്ചു.

ഒരാഴ്ച മുമ്പാണ് ചിറക്കരയിൽ നാല് പേർക്ക് പേപ്പട്ടിയുടെ കടിയേറ്റത്. അടിക്കടിയുണ്ടാകുന്ന പേപ്പട്ടി ശല്യത്തിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.