കൊല്ലം: ജില്ലയിൽ എൽ. ഡി. ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂർത്തിയാകും മുമ്പ് റിപ്പോർട്ട് ചെയ്ത ഒഴിവുകൾ ലിസ്റ്റിൽ നിന്നും നികത്തുന്നില്ലെന്നു ഉദ്യോഗാർഥികളുടെ പരാതി.
ഓഗസ്റ്റിലാണ് ലിസ്റ്റിന്റെ കാലാവധി പൂർത്തിയായത്. കൊല്ലം പി.എസ്.സിയിൽ ജൂലായ് മുതൽ ഓഗസ്റ്റ് 30 വരെ പത്തു ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
നിയമനം നടത്താത്തതിന്റെ കാരണം വ്യക്തമാക്കാൻ പി. എസ്. സി ഉന്നതർ തയ്യാറായിട്ടില്ല. 101 -ാം റാങ്ക് വരെ നിയമനം നടന്നുകഴിഞ്ഞു. 102 മുതൽ പത്തോളം നിയമനങ്ങളാണ് ഇനി നടത്താനുള്ളത്. താത്കാലിക ജീവനക്കാരെ സംരക്ഷിക്കാനായി നിയമനം ബോധപൂർവം വൈകിപ്പിക്കുന്നതായാണ് ആക്ഷേപം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മിക്കവരും പ്രായപരിധി കഴിയാറായവരാണ്. ഈ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടക്കാതെ പോയാൽ പലർക്കും സർക്കാർ ജോലി എന്ന ആഗ്രഹം എന്നേക്കുമായി അവസാനിപ്പിക്കേണ്ടി വരും. അടിയന്തിരമായി നിയമനം നടത്താൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ തലത്തിൽ ഉന്നതരെ നേരിൽ കണ്ടു പരാതി നൽകാൻ ഒരുങ്ങുകയാണ് ഉദ്യോഗാർഥികൾ.