c
അമിത വേഗം ചോദ്യംചെയ്തു, യുവാവ് കാൽ ചവിട്ടി ഒടിച്ചു

എഴുകോൺ: ബൈക്കിൽ അമിത വേഗത്തിൽ പോകുന്നത് ചോദ്യം ചെയ്ത ആളുടെ കാൽ യുവാവ് ചവിട്ടി ഒടിച്ചു. നെടുമൺകാവ് കുടിക്കോട് ബാർബർ ഷോപ്പ് ഉടമ കരീപ്ര മടന്തകോട് മേലൂട്ട് പടിഞ്ഞാറ്റതിൽ വീട്ടിൽ രാധാകൃഷ്ണനാണ് (55) ആക്രമണത്തിന് ഇരയായത്. കാൽ ഭഗവാൻമുക്ക് സ്വദേശി അനന്ദഗോപനാണ് (24) ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ രാധാകൃഷ്ണന്റെ കടയ്ക്ക് സമീപത്താണ് സംഭവം. ഹോട്ടലിൽ ഭക്ഷണം കഴിച്ചശേഷം റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച രാധാകൃഷ്ണൻ ബൈക്കിൽ അമിത വേഗത്തിൽ പോയ അനന്ദഗോപനോട് വേഗത കുറച്ചു പോകാൻ വിളിച്ചു പറഞ്ഞു. ഇതുകേട്ട് അനന്ദഗോപൻ തിരിച്ചു വരുകയും രാധാകൃഷ്ണനുമായി വാക്ക്തർക്കം ഉണ്ടാവുകയും ചെയ്തു. രാധാകൃഷ്ണനെ തള്ളി വീഴ്ത്തി കാലിൽ ചവിട്ടി ഒടിയ്ക്കുകയായിരുന്നു. രാധാകൃഷ്ണനെ ഉടൻ ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അനന്ദഗോപൻ ഒളിവിലാണ്. കുടികോട്ടെ വാഹന ഷോ റൂമിലെ ജീവനക്കാരനാണ് അനന്ദഗോപൻ.