c
കേരളകൗമുദിയും എക്സസൈസും സംയുക്തമായി സംഘടിപ്പിച്ച ബോധ പൗർണമി ബോധവൽക്കരണ സെമിനാർ നെടുങ്ങോലം ശ്രീ നാരായണ സെൻട്രൽ സ്കൂളിൽ അസി. എക്സൈസ് കമ്മിഷണർ താജുദ്ദീൻകുട്ടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. രാധാകൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ കെ.ഹരി, സ്കൂൾ സെക്രട്ടറി എസ് മുരളീധരൻ, പി.ടി.എ പ്രസിഡന്റ് രജീഷ് കുമാർ, കേരളകൗമുദി പരവൂർ ലേഖകൻ ടി.പി ചന്ദ്രശേഖരൻ നായർ എന്നിവർ സമീപം

കൊല്ലം: ഒരിക്കലും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കില്ലെന്നും ലഹരിക്കെതിരായ പോരാട്ടത്തിന്റെ പടയാളികളാകുമെന്നും നെടുങ്ങോലം ശ്രീനാരായണ സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി പ്രതിജ്ഞയെടുത്തു.

കേരളകൗമുദിയും എക്സൈസ് വകുപ്പും സംയുക്തമായി ശ്രീനാരായണ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച സെമിനാറിലായിരുന്നു വിദ്യാർത്ഥികളുടെ പ്രഖ്യാപനം.

ലഹരി പദാർത്ഥങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെയാകെ താറുമാറാക്കുമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്തശേഷം ബോധവത്കരണ ക്ലാസ്സെടുത്ത എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ താജുദ്ദീൻകുട്ടി പറഞ്ഞു. ആരോഗ്യ സൂചികയിലും വിദ്യാഭ്യാസ ജീവിത നിലവാരത്തിലും മാതൃകയായി കേരളം ഒന്നാം സ്ഥാനത്താണ്. പക്ഷെ, ലഹരിപദാർത്ഥങ്ങളുടെ ഉപയോഗത്തിലും കേരളം ഒന്നാം സ്ഥാനത്താണെന്ന ഞെട്ടിക്കുന്ന കണക്ക് അടുത്തിടെയാണ് പുറത്ത് വന്നത്. വിദ്യാർത്ഥികൾ ലഹരിക്ക് അടിമയാകുമ്പോൾ തകരുന്നത് രക്ഷിതാക്കളുടെ സ്വപ്നങ്ങളാണ്.

ഒരിക്കലും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരെ മാതൃകയാക്കരുത്. ലോകത്താകെ ആരാധകരുള്ള അത്ഭുതഗായകൻ ബോബ് മാർലിയെയാണ് ലഹരിവില്പനക്കാർ പുതുതലമുറയെ ആകർഷിക്കാൻ ആയുധമാക്കുന്നത്. തനിക്ക് നന്നായി പാടാൻ കഴിയുന്നത് 'മരിജുവാന" ഉപയോഗിക്കുന്നത് കൊണ്ടാണെന്ന് ബോബ് മാർലി തെറ്റിദ്ധരിച്ചിരുന്നു. പക്ഷെ, ചെറുപ്രായത്തിൽ കാൻസർ ബാധിച്ച് ആ അത്ഭുത ഗായകൻ മരണമടഞ്ഞു. ബോബ് മാർലിയുടെ പാട്ടുകൾ കേൾക്കാം ഏറ്റുപാടാം. എന്നാൽ ഒരിക്കലും അദ്ദേഹത്തിെന്റെ ജീവിതം അനുകരിക്കരുതെന്നും താജുദ്ദീൻ കുട്ടി പറഞ്ഞു.

വിദ്യാർത്ഥികളുടെ ജിജ്ഞാസയെ മുതലെടുത്താണ് ലഹരിവില്പനക്കാർ അവരെ കീഴടക്കുന്നതെന്നും ഇത്തരക്കാരോട് വിദ്യാർത്ഥികൾ അകലം പാലിക്കണമെന്നും അദ്ധ്യക്ഷത വഹിച്ച സ്കൂൾ പ്രിൻസിപ്പൽ എച്ച്. ഹരി പറഞ്ഞു. പുതുതലമുറയുടെ ചിന്താ ശേഷിയെയും ആരോഗ്യത്തെയും നശിപ്പിച്ച് രാജ്യത്തിന്റെ പുരോഗതിയെ തന്നെ അട്ടിമറിക്കുന്ന ലഹരി മാഫിയയ്ക്കെതിരായ പോരാട്ടത്തിലെ പടയാളികളായി വിദ്യാർത്ഥികൾ മാറണമെന്ന് ആമുഖ പ്രഭാഷണത്തിൽ കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. രാധാകൃഷ്ണൻ പറഞ്ഞു. എസ്.എൻ.ഇ.എസ് സെക്രട്ടറി എസ്. മുരളീധരൻ, സ്കൂൾ പി.ടി.എ പ്രസിഡന്റ് കെ.ഐ. രജീഷ് കുമാർ തുടങ്ങിയർ ആശംസകൾ നേർന്നു. സ്കൂൾ വൈസ് പ്രിൻസിപ്പൽ എസ്.എസ്. ബിന്ദു സ്വാഗതവും കേരളകൗമുദി പരവൂർ ലേഖകൻ ടി.പി. ചന്ദ്രശേഖരൻ നായർ നന്ദിയും പറഞ്ഞു.