നവംബർ ഒന്ന് മുതൽ 8 വരെയാണ് ചൊല്ലിയാട്ടം
8ന് വൈകിട്ട് സമാദരണ സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
കൊല്ലം: കഥകളിയുടെ പ്രോത്സാഹനം ലക്ഷ്യമാക്കി കലാകാരൻമാരുടെയും ആസ്വാദകരുടെയും കൂട്ടായ്‌മയായ 'കളിവിളക്ക് ' പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ചൊല്ലിയാട്ടം നവംബർ ഒന്ന് മുതൽ 8 വരെ കരുനാഗപ്പള്ളി കന്നേറ്റിൽ ശ്രീ ധന്വന്തരീ മൂർത്തീ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ ശ്രീകുമാർ കുരുമ്പോലിൽ, ചെയർമാൻ ഡോ. കണ്ണൻ കന്നേറ്റിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ ഒന്നിന് രാവിലെ പത്തിന് കലാമണ്ഡലം വൈസ് ചാൻസിലർ ഡോ. ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യും. ഇന്നത്തെ തലമുറയ്ക്കും വരും തലമുറകൾക്കും കഥകളിയെ ആധികാരികമായി അറിയാൻ കഴിയുന്ന തരത്തിൽ കഥകളിയുടെ തിരഞ്ഞെടുത്ത രംഗങ്ങളുടെ ചൊല്ലിയാട്ടം നിർവഹിക്കുന്നത് കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയിലെ ഡീൻ കലാമണ്ഡലം ബാലസുബ്രഹ്മണ്യനും , മാർഗിയുടെ മുൻ പ്രിൻസിപ്പലും കഥകളി ആചാര്യനുമായ ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ളയുമാണ്.
നവംബർ നാലിന് വൈകിട്ട് 6ന് നടക്കുന്ന സമാദരണ സമ്മേളനം പ്രയാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മുതിർന്ന കഥകളി കലാകാരൻ തോന്നയ്ക്കൽ പീതാംബരൻ പങ്കെടുക്കും. നവംബർ 8ന് വൈകിട്ട് നടക്കുന്ന സമാദരണ സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വിവിധ ക്ലാസുകളിലും പ്രഭാഷണങ്ങളിലും കലാമണ്ഡലം ഉണ്ണിക്കൃഷ്‌ണൻ, കെ.ബി. രാജാനന്ദ്, ഡോ. ഏറ്റുമാനൂർ കണ്ണൻ, പത്തിയൂർ ശങ്കരൻകുട്ടി തുടങ്ങിയവർ പങ്കെടുക്കും. നവംബർ മൂന്നിന് വൈകിട്ട് 5.30ന് പാർവതി എസ്. കുമാറിന്റെ ഗാനസുധയും 8ന് വൈകിട്ട് 6ന് നളചരിതം രണ്ടാം ദിവസം കഥകളിയും ഉണ്ടാകും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ ഉണ്ണിക്കൃഷ്‌ണൻ പന്നിശേരിൽ, പ്രൊഫ. നീലകണ്ഠൻ നമ്പൂതിരി, സന്തോഷ് ചന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.