c
മിനിമം കൂലിക്കായി കശുഅണ്ടി ഫാക്‌ടറികൾക്ക് മുന്നിൽ സമരം

കൊല്ലം: നിയമപരമായ കൂലിയും ഡി.എയും മറ്റാനുകൂല്യങ്ങളും നൽകാത്ത സ്വകാര്യ കശുഅണ്ടി ഫാക്‌ടറികൾക്ക് മുന്നിൽ ബഹുജന പങ്കാളിത്തത്തോടെ സത്യാഗ്രഹം ആരംഭിക്കുമെന്ന് കേരള കാഷ്യു വർക്കേഴ്സ് സെന്റർ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി കരിങ്ങന്നൂർ മുരളി, പ്രസിഡന്റ് കെ.രാജഗോപാൽ, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി.തുളസീധരകുറുപ്പ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആനുകൂല്യം നൽകാത്ത ഫാക്‌ടറികളിൽ രണ്ട് മാസത്തോളമായി സംഘടന സമര രംഗത്താണ്. ഈ മാസം 12 മുതൽ കൂലി ബഹിഷ്‌കരണ സമരവും ആരംഭിച്ചു. 2015 മാർച്ചിൽ പ്രാബല്യത്തിൽ വന്ന മിനിമം കൂലിക്ക് വേണ്ടിയാണ് തൊഴിലാളികൾ സമരം ചെയ്യുന്നത്. ശരാശരി 300 രൂപയോളമാണ് അന്ന് നിശ്ചയിച്ച കൂലി. നിയമപരമായ എല്ലാ ആനുകൂല്യങ്ങളും നൽകി ലാഭകരമായി വ്യവസായം നടത്താവുന്ന സാഹചര്യം ഇന്ന് കശുഅണ്ടി മേഖലയിലുണ്ട്. എന്നിട്ടും തൊഴിലാളികൾക്ക് മിനിമം കൂലി നിഷേധിക്കുന്നത് പ്രതിഷേധാ‌ർഹമാണ്. മിനിമം കൂലിയും ഡി.എയും നൽകാത്ത കൂടുതൽ ഫാക്ടറികളിലേക്ക് കൂലി ബഹിഷ്‌കരണ സമരം വ്യാപിപ്പിക്കുമെന്നും ഇവർ പറഞ്ഞു.