പുനലൂർ: തകർച്ചാ ഭീഷണി നേരിട്ടിരുന്ന കൊല്ലം - തിരുമംഗലം ദേശീയ പാതയിൽ നവീകരണ പ്രവർത്തനം ആരംഭിച്ചതോടെ ദുരിത യാത്രയ്ക്ക് അറുതിയാവുന്നു. പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള ഭാഗത്തെ റോഡ് നവീകരിക്കലാണ് ഇന്നലെ മുതൽ ആരംഭിച്ചത്. ദേശീയ പാതയുടെ തകർച്ച മൂലം യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തെപ്പറ്റി കേരളകൗമുദി പത്രം തുടർച്ചയായി വാർത്ത നൽകിയിരുന്നു. തുടർന്ന് പാത നവീകരിച്ച് മോടിപിടിപ്പിക്കാൻ 35കോടി രൂപ കേന്ദ്ര ഗതാഗത മന്ത്രാലയം അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള പ്രാഥമിക ജോലികളാണ് ഇന്നലെ മുതൽ ആരംഭിച്ചത്. പാത കടന്ന് പോകുന്ന ഭാഗത്തെ ഏറ്റവും വീതി കുറഞ്ഞതും അപകട മേഖലയുമായ തെന്മല എം.എസ്.എല്ലിൽ പത്ത് മീറ്റർ വീതിയിൽ പാത പുനരുദ്ധരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് സമീപത്ത് കൂടി കടന്ന് പോകുന്ന കഴുതുരുട്ടി ആറ്റു തീരത്തെ പാറക്കെട്ടിൽ നിന്ന് കൂറ്റൻ ഗബ്രിയൻ മതിൽ നിർമ്മിക്കാനാണ് പദ്ധതി. ഇത് പാതയോരത്ത് എത്തിച്ച ശേഷമാകും റോഡിന്റെ വീതി വർദ്ധിപ്പിക്കുക.
ഇന്റർ ലോക്ക് കട്ടകൾ പാകും
പാത കടന്ന് പോകുന്ന ഭാഗങ്ങളിലെ കൊടും വളവുകൾ, വെള്ളക്കെട്ട്, സ്ഥിരമായി റോഡ് തകരുന്ന സ്ഥലങ്ങൾ, സ്കൂൾ കവലകൾ തുടങ്ങിയ അപകട മേഖലകളിലെ പഴയ ടാർ നീക്കം ചെയ്ത ശേഷം ഇന്റർ ലോക്ക് കട്ടകൾ പാകും. തുടർന്ന് പ്രധാന ഭാഗങ്ങളിൽ 2000 മീറ്റർ ദൂരത്തിൽ പുതിയ ഓടകളും റോഡിലെ ചില ഭാഗങ്ങളിലെ വളവുകളിൽ കോൺക്രീറ്റും ചെയ്ത് ബലപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
ജനുവരിയോടെ റീ ടാറിംഗ്
ശബരിമല സീസൺ ആരംഭിക്കുന്നതിന് മുമ്പ് ഓട നിർമ്മാണവും പാതയോരത്ത് ഇന്റർ ലോക്ക് കട്ടകൾ പാകുന്നതടക്കമുള്ള പ്രാഥമിക ജോലികളും പൂർത്തിയാക്കും. തുടർന്ന് ജനുവരിയോടെ റീ ടാറിംഗ് നടത്താനാണ് പദ്ധതി. ആധുനിക രീതിയിൽ ഒൻപത് സെന്റീമീറ്റർ കനത്തിലാകും റീ ടാറിംഗ് നടത്തുന്നത്. ഇപ്പോൾ ദേശീയ പാതയിലെ വാളക്കോട്ടെ രണ്ട് കൊടും വളവുകൾക്ക് പുറമേ കലയനാട് ജംഗ്ഷനിലാണ് ഓട നിർമ്മാണവും ഇന്റർ ലോക്ക് കട്ടകൾ പാകുന്ന ജോലികളും ആരംഭിച്ചത്. ഇതിന്റെ ഭാഗമായി റോഡിലെ പഴയ ടാറിംഗ് ജെ.സി.ബി ഉപയോഗിച്ച് നീക്കിത്തുടങ്ങി.
റോഡ് തകർന്നിട്ട് 6 മാസം
ദേശീയ പാതയിലെ പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള റോഡാണ് കഴിഞ്ഞ ആറ് മാസമായി തകർന്ന് കിടക്കുന്നത്. ഇരു ചക്ര വാഹന യാത്രക്കാർ അടക്കമുളളവർ റോഡിൽ രൂപപ്പെട്ട കുഴികളിൽ വീണ് അപകടംപറ്റുന്നത് പതിവ് സംഭവമാണ്. കെ.എസ്.ആർ.സി അന്തർ സംസ്ഥാന ബസ് സർവീസ് അടക്കം ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന ദേശീയ പാതയാണ് തകർന്ന് കിടക്കുന്നത്. ഇത് അപകടങ്ങൾക്ക് കാരണമാകുമെന്ന് കണ്ട് പുനലൂർ ടി.ബി.ജംഗ്ഷനിൽ അപകട സൂചനാ ബോർഡുകളും അധികൃതർ സ്ഥാപിച്ചു.
35കോടിയാണ് കൊല്ലം - തിരുമംഗലം ദേശീയ പാത നവീകരണത്തിന് അനുവദിച്ചത്
9 സെന്റീമീറ്റർ കനത്തിൽ ആധുനിക രീതിയിലാണ് റീ ടാറിംഗ് നടത്തുന്നത്
2000 മീറ്റർ ദൂരത്തിൽ പ്രധാന ഭാഗങ്ങളിൽ പുതിയ ഓടകൾ നിർമ്മിക്കും