prathi-unni
ഉണ്ണി

കൊട്ടാരക്കര: വാളകം സ്വദേശി രാധാമണിയുടെ വീടിനു പിന്നിലെ മുറിയിൽ സൂക്ഷിച്ചിരുന്ന യമഹ കമ്പനിയുടെ ഇരുചക്രവാഹനം കത്തിച്ച കേസിൽ പ്രതിയായ വാളകം ചരുവിള പുത്തൻ വീട്ടിൽ ഉണ്ണി(42)​ കൊട്ടാരക്കര പൊലീസിന്റെ പിടിയിലായി. ലോട്ടറി കച്ചവടക്കാരനായ പ്രതിയുടെ പക്കൽ നിന്ന് പരാതിക്കാരിയുടെ ഭർത്താവ് രാജു സ്ഥിരമായി ടിക്കറ്റ് എടുത്തിരുന്നു. സുഖമില്ലാതെ കിടപ്പായതിനാൽ കഴിഞ്ഞ 2 മാസമായി രാജു ടിക്കറ്റ് എടുത്തിരുന്നില്ല. അസുഖം ഭേദമായി രാജു വീണ്ടും ജോലിക്കു പോയിത്തുടങ്ങിയതറിഞ്ഞ് ടിക്കറ്റുമായി വീട്ടിലെത്തിയ ഉണ്ണിയെ വീട്ടിൽ വരേണ്ടെന്നും വഴിയിൽ വച്ച് കണ്ടാൽ മതിയെന്നും പറഞ്ഞു മടക്കി അയച്ചു. അസുഖം ഭേദമായ ശേഷം രാജു ടിക്കറ്റ് എടുത്തിരുന്നില്ല. വീട്ടിൽ വരേണ്ടെന്ന് പറഞ്ഞതിലുള്ള വിരോധം നിമിത്തം ഒരു കുപ്പി പെട്രോളുമായി തിരികെയെത്തിയ ഉണ്ണി പിന്നിലെ മുറിയിൽ സൂക്ഷിച്ചിരുന്ന ടൂവീലർ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഇതിൽ നിന്ന് വീടിന് തീ പിടിക്കുകയും പിന്നിലെ മുറി കത്തി നശിക്കുകയും ചെയ്തു. കൊട്ടാരക്കര സ്റ്റേഷൻ എസ്.ഐ സുരേഷ്, എസ്.സി.പി.ഒ ഹരിലാൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.