കടകൾ പൂർണമായും അടഞ്ഞുകിടന്നു
മെഡിക്കൽ സ്റ്റോറുകളും ഹോട്ടലുകളും പ്രവർത്തിച്ചില്ല
കൊല്ലം: ജി.എസ്.ടി പ്രാബല്യത്തിലാകുംമുമ്പ് അടച്ച നികുതിയിൽ അപാകത ആരോപിച്ച് ചെറുകിട വ്യാപാരികളെ നിരന്തരം ബുദ്ധിമുട്ടിക്കുന്ന സംസ്ഥാന നികുതി വകുപ്പിന്റെ നിലപാടിനെതിരെ നൂറ് കണക്കിന് വ്യാപാരികൾ കടകളടച്ച് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടയാറ്റുകോട്ട റോഡിലെ വ്യാപാര ഭവനിൽ നിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റിയാണ് കളക്‌ടറേറ്റിന് മുന്നിൽ സമാപിച്ചത്. തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ ധർണ ഉദ്ഘാടനം ചെയ്‌തു.
ജി.എസ്.ടി നടപ്പാക്കുന്നതിന് മുമ്പ് വരെയുള്ള നികുതി കണക്കുകളിൽ അപാകതകൾ കണ്ടെത്തിയെന്ന് പറഞ്ഞാണ് നികുതി വകുപ്പ് വ്യാപാരികൾക്ക് നോട്ടീസ് അയക്കുന്നത്. ഓൺലൈൻ റിട്ടേൺ ഫയലിംഗ് സംവിധാനത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ വിവരങ്ങളും വാണിജ്യ നികുതി വകുപ്പിന്റെ പക്കൽ മാത്രമാണുള്ളത്. യഥാസമയം വേണ്ടത് ചെയ്യാതെ വർഷങ്ങൾക്ക് ശേഷം ന്യൂനതകളുടെ പേരിൽ നികുതി നിർണ്ണയം നടത്തുമ്പോൾ ഭാരിച്ച തുകയാണ് പലിശയായി വ്യാപാരികൾ നൽകേണ്ടി വരിക. അപൂർണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അശാസ്ത്രീയമായി ഇപ്പോൾ നടത്തുന്ന നികുതി നിർണയം മൂലം വ്യാപാരികൾ നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് ഉത്തരവാദികളെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു.
നികുതി വകുപ്പ് നടപടികൾ
നിറുത്തിവയ്ക്കണം: എസ്.ദേവരാജൻ
കൊല്ലം: വാറ്റ് നികുതി നിയമത്തിന്റെ പേരിൽ വ്യാപാരികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നികുതി നിർണയം നടത്തി നോട്ടീസ് അയച്ച് ബുദ്ധിമുട്ടിക്കുന്ന സർക്കാർ നടപടി നിറുത്തി വയ്ക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിലും പ്രളയമുണ്ടായെങ്കിലും പ്രളയ സെസ് ഏർപ്പെടുത്തിയത് കേരളത്തിൽ മാത്രമാണ്. പ്രളയസെസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി ജി.ഗോപകുമാർ അദ്ധ്യക്ഷനായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ബി.രാജീവ്, കെ.രാമഭദ്രൻ, എസ്.നൗഷറുദ്ദീൻ, എൻ.രാജീവ്, കെ.ജെ.മേനോൻ, എം.എം.ഇസ്‌മയിൽ, സെക്രട്ടറിമാരായ എ.കെ.ഷാജഹാൻ, എ.അൻസാരി, എ.നവാസ് പുത്തൻവീട്, ജി.രാജൻകുറുപ്പ്, എഫ്.ആന്റണി പാസ്റ്റർ, എസ്.രമേശ് കുമാർ, ഡി.വാവാച്ചൻ, ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.പ്രേമാനന്ദ്, കേരള വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ.എൻ.നവാസ് തുടങ്ങിയവർ പ്രസംഗിച്ചു.
വ്യാപാര മേഖല സ്തംഭിച്ചു
വ്യാപാരികളുടെ പ്രതിഷേധത്തിന്റെ അടയാളമായി ജില്ലയിലെ മഹാഭൂരിപക്ഷം വ്യാപാര കേന്ദ്രങ്ങളും അടഞ്ഞു കിടന്നു. ചെറുതും വലുതുമായ ഭക്ഷണശാലകൾ, വസ്ത്ര വിൽപ്പന കേന്ദ്രങ്ങൾ, സ്വർണ്ണക്കടകൾ തുടങ്ങി എല്ലാ മേഖലകളിലെയും സ്ഥാപനങ്ങൾ അടച്ചിട്ട് വ്യാപാരികൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മെഡിക്കൽ സ്റ്റോറുകളും അടഞ്ഞ് കിടന്നു. കൊല്ലം ചിന്നക്കടയിൽ ഉൾപ്പെടെ കടകൾ അടഞ്ഞു കിടന്നത് ഹർത്താൽ പ്രതീതി സൃഷ്ടിച്ചു.