കരുനാഗപ്പള്ളി: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി കരുനാഗപ്പള്ളി എൻജിനിയറിംഗ്
കോളേജിനെ ഏഷ്യ - പസഫിക് റീജിയണിലെ ഏറ്റവും മികച്ച സ്റ്റുഡന്റ് ചാപ്റ്ററായി തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് കോളേജിന് അന്തദേശീയ അംഗീകാരം ലഭിക്കുന്നത്. ലോകത്ത് സാങ്കേതിക പ്രൊഫഷണൽ സൊസൈറ്റികളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനയാണ് ഐ.ഇ.ഇ.ഇ. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്, കമ്പ്യൂട്ടറിംഗ് തുടങ്ങിയ ശാസ്ത്ര സാങ്കേതിക മേഖലകളുടെ ഉന്നമനത്തിനായി ആഗോള തലത്തിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണിത്. 160 രാജ്യങ്ങളിലായി 8 ലക്ഷത്തിൽപ്പരം അംഗങ്ങളങ്ങളാണുള്ളത്. സംഘടനയ്ക്ക് ആഗോള തലത്തിൽ 3000 ത്തോളം സ്റ്റുഡന്റ്സ് ബ്രാഞ്ചുകളുമുണ്ട്. നിലവിൽ സംഘടനയുടെ 7 ബ്രാഞ്ചുകളാണ് കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ്
കോളേജിൽ പ്രവർത്തിക്കുന്നത്. ഗ്ലോബൽ ഡിസൈനിംഗിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ടാണ് അവസാന വർഷ വിദ്യാർത്ഥി അക്ഷയകൃഷ്ണൻ ആഗോള തലത്തിൽ ഒന്നാമത് എത്തിയത്. വിവധ രാജ്യങ്ങളിൽ നിന്ന് പങ്കെടുത്ത ആയിരക്കണക്കിന് വിദ്യാർത്ഥികളോട് മത്സരിച്ചാണ് അക്ഷയകൃഷ്ണൻ കോളേജിന്റെ അഭിമാനമായത്. ഈ മാസം അമേരിക്കയിൽ സംഘടിപ്പിച്ച ചടങ്ങിൽ അക്ഷയകൃഷ്ണനെ അവാർഡ് നൽകി അനുമോദിച്ചു. 2019 സെപ്റ്റംബറിൽ ചൈനയിൽ നടന്ന വനിതാ അന്താരാഷ്ട്ര ഉച്ചകോടിയിൽ കോളേജിനെ പ്രതിനിധീകരിച്ച് ഷെറിനും സജ്ന മുഹമ്മദും പങ്കെടുത്തു. വിദേശ സർവകലാശാലകളിലെ മികച്ച അദ്ധ്യാപകരുമായും വിദ്യാർത്ഥികളുമായും സംവദിക്കാൻ ഇവർക്ക് കഴിഞ്ഞു. മത്സരങ്ങളിൽ വിജയിച്ചതിനെ തുടർന്ന് സ്റ്റുഡന്റ്സ് ചാപ്റ്ററിന് വിവിധ പ്രോജക്ടുകൾ ചെയ്യുന്നതിന് സാമ്പത്തിക സഹായവും ലഭിച്ചു. ഐ.ഇ.ഇ.ഇ ഇന്ത്യയിൽ ആദ്യമായി അനുവദിച്ച സ്റ്റുഡന്റ്സ് കോൺഫറസ് 2020 ൽ കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ്
കോളേജിൽ വെച്ച് നടത്താനും അനുവാദം ലഭിച്ചു.